അസര്‍ബൈജാന്‍ യാത്രാ വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കാനഡ. അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്നുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്നും കനേഡിയന്‍ ഫോറിന്‍ മിനിസ്ട്രി പറഞ്ഞു. അപകടത്തില്‍ തുറന്നതും സുതാര്യവുമായ അന്വേഷണം അനുവദിക്കണമെന്ന് റഷ്യയോട് കാനഡ ആവശ്യപ്പെട്ടു. വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ച സംഭവത്തെ അപലപിക്കുന്നതായും എക്‌സില്‍ കുറിച്ച പ്രസ്താവനയില്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അസര്‍ബൈജാന്‍ യാത്രാ വിമാനം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്നുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റഷ്യന്‍ മിസൈലാണ് അപകടത്തിന് കാരണമെന്ന് അസര്‍ബൈജാന്‍, യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെറ്റ്, എണ്ണ-വാതക കേന്ദ്രമായ കസാഖ് നഗരമായ അക്തൗവിന് സമീപം ബുധനാഴ്ചയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേരും മരിച്ചു. അതേസമയം, വിമാനം തകര്‍ന്നത് തങ്ങളുടെ മിസൈല്‍ ആക്രമണത്തിലാണെന്ന വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമെതിരെ റഷ്യ മുന്നറിയിപ്പ് നല്‍കി.