ഇനി വാട്‌സ്ആപ്പ് വഴി ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു

By: 600002 On: Dec 26, 2024, 11:31 AM

 

 

 

ഡോക്യുമെന്റുകള്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും, എഡിറ്റ് ചെയ്യാനും അയയ്ക്കാനും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഒരു പ്ലാറ്റ്‌ഫോം മതി എന്നതാണ് പ്രധാന സവിശേഷത. ഡോക്യുമെന്റ് ഷെയറിംഗിനായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്. വാട്‌സ്ആപ്പിന്റെ തന്നെ ഐഒഎസ് അപ്‌ഡേറ്റായ വേര്‍ഷന്‍ 24.25.80 ല്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. ഇതോടെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഡിവൈസിന്റെ തന്നെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റിന്റെ ഫോട്ടോ പകര്‍ത്തി ഷെയര്‍ ചെയ്യാം. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റ്-ഷെയറിംഗ് മെനുവില്‍ നിന്ന് സ്‌കാന്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ ക്യാമറ ഓണാവും. ഡോക്യുമെന്റ് ക്യാപ്ച്ചര്‍ ചെയ്ത ശേഷം സ്‌കാന്‍ പ്രിവ്യൂ ചെയ്യാനും ചെറിയ എഡിറ്റുകള്‍ വരുത്താനും കഴിയും. ആപ്പ് സ്വയം മാര്‍ജിനുകള്‍ നിര്‍ദ്ദേശിക്കും. ഉപഭോക്താക്കള്‍ക്ക് മാനുവലായി മാര്‍ജിമുകള്‍ അടയാളപ്പെടുത്തുകയും ചെയ്യാം. സ്‌കാന്‍ ചെയ്തത് തൃപ്തികരമാണെങ്കില്‍ ഗ്രൂപ്പിലേക്കോ പേഴ്‌സണല്‍ ചാറ്റിലേക്കോ അയക്കാവുന്നതാണ്.