തെറ്റിദ്ധരിപ്പിക്കുന്ന അണ്‍ലിമിറ്റഡ് ഡാറ്റ ക്ലെയിം പരസ്യങ്ങള്‍: റോജേഴ്‌സിനെതിരെ കേസെടുക്കാനൊരുങ്ങി കോംപറ്റീഷന്‍ ബ്യൂറോ

By: 600002 On: Dec 26, 2024, 9:36 AM

 

 

'ഇന്‍ഫിനിറ്റ്' വയര്‍ലെസ് ഫോണ്‍ പ്ലാനുകളില്‍ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന ് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍കോര്‍പ്പറേഷനെതിരെ കേസെടുക്കുമെന്ന് കോംപറ്റീഷന്‍ ബ്യൂറോ അറിയിച്ചു. റോജേഴ്‌സിന്റെ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡാറ്റ നല്‍കുന്നുവെന്ന തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ധാരണ സൃഷ്ടിക്കുന്നുവെന്ന് ബ്യൂറോ ആരോപിക്കുന്നു. ഡാറ്റാ പരിധിയില്‍ എത്തിക്കഴിഞ്ഞാല്‍ ഡാറ്റാ സേവനം ഗുരുതരമായി തടസ്സപ്പെടുന്നുണ്ടെന്ന് ബ്യൂറോ പറഞ്ഞു. 

ചരക്കുസേവനങ്ങള്‍ വാങ്ങുമ്പോള്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ആവശ്യമാണ്, പ്രത്യേകിച്ച് വയര്‍ലെസ് ഡാറ്റ പ്ലാനുകള്‍ പോലുള്ള അവശ്യ സേവനങ്ങള്‍ വാങ്ങുമ്പോഴെന്ന് കോംപറ്റീഷന്‍ ബ്യൂറോ കമ്മീഷണര്‍ മാത്യു ബോസ്‌വെല്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഇന്‍ഫിനിറ്റ് പ്ലാനുകളുടെ പരസ്യം വ്യക്തവും സത്യസന്ധവുമാണെന്നും കേസിനെതിരെ പോരാടുമെന്നും റോജേഴ്‌സ് പ്രതികരിച്ചു.