കാനഡയിൽ ഫ്ലാഗ് പോളിംഗ് നിരോധനം നിലവിൽ വന്നു. കാനഡയിലെ താൽക്കാലിക താമസക്കാർക്ക് (ജോലി അല്ലെങ്കിൽ പഠനാനുമതി ഉള്ളവർക്ക്) അതിർത്തിയിൽ നിന്ന് ഇനി ഒരു ദിവസം കൊണ്ട് ഇമിഗ്രേഷൻ സേവനങ്ങൾ ലഭിക്കില്ല. പകരം ഇവർക്ക് രാജ്യത്ത് തുടരുന്നതിന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിലേക്ക് (IRCC) നേരിട്ട് അപേക്ഷിക്കേണ്ടതുണ്ട്.
താല്കാലികമായി കാനഡ വിട്ടതിന് ശേഷം, പിന്നീട് ഉടനടി രാജ്യത്ത് പ്രവേശിക്കുമ്പോൾ ഓൺലൈൻ ജോലികൾക്കോ പഠനാനുമതി അപേക്ഷകൾക്കോ വേണ്ടിയുള്ള സാധാരണ കാത്തിരിപ്പ് സമയങ്ങളെ മറികടക്കാൻ നവാഗതർക്ക് കഴിയുന്ന ഒരു പ്രക്രിയയാണ് ഫ്ലാഗ്പോളിംഗ്. ഇതനുസരിച്ച് പ്രവേശന അതിർത്തിയിൽ ഒരു ദിവസത്തെ ഇമിഗ്രേഷൻ സേവനങ്ങൾ സ്വീകരിക്കാൻ പുതുമുഖങ്ങളെ അനുവദിച്ചിരുന്നു. ഈ സമ്പ്രദായമാണ് ഫെഡറൽ സർക്കാർ നിർത്തലാക്കിയിരിക്കുന്നത്.
താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ടവരെ മാത്രമെ ഇനി ഫ്ലാഗ്‌പോളിങ്ങിന് അനുവദിക്കൂ. അല്ലാത്തവർക്ക് അവരുടെ അപേക്ഷ നേരിട്ട് ഐആർസിസിയിൽ സമർപ്പിക്കേണ്ടി വരും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാർ അല്ലെങ്കിൽ നിയമാനുസൃത സ്ഥിര താമസക്കാർ, യുണൈറ്റഡ് സ്റ്റേറ്റ്സ്/ മെക്സിക്കോ, ചിലി, പനാമ, പെറു, കൊളംബിയ അല്ലെങ്കിൽ ദക്ഷിണ കൊറിയ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് (എഫ്ടിഎ) കീഴിൽ കാനഡയിൽ എത്തുന്ന പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും , പനാമ, കൊളംബിയ അല്ലെങ്കിൽ ദക്ഷിണ കൊറിയ എന്നിവയുമായുള്ള FTA-കൾക്ക് കീഴിലുള്ള പ്രൊഫഷണലുകളുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളികൾ തുടങ്ങിയവരാണ് ഫ്ലാഗ് പോളിന് അർഹരായിട്ടുള്ളത്.