പ്രതിസന്ധികൾക്ക് പിന്നാലെ കാനഡ വൈകാതെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട് . അടുത്ത വർഷം ആദ്യം തന്നെ സർക്കാരിനെ താഴെയിറക്കുമെന്ന് എൻഡിപി വ്യക്തമാക്കിയതോടെ ട്രൂഡോ സർക്കാർ പ്രതിരോധത്തിലാണ്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ധനമന്ത്രി രാജിവച്ചതോട് കൂടി സർക്കാർ കൂടുതൽ സമ്മർദ്ദത്തിൽ ആവുകയും ചെയ്തു. ട്രൂഡോ സർക്കാരിനെ പിടിച്ചുകുലുക്കിയ കഴിഞ്ഞ ആഴ്‌ചയിലെ നാടകങ്ങളെല്ലാം വരും വർഷത്തിൽ നടക്കാൻ സാധ്യതയുള്ള ഒരു ഭരണമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.
ഒരു വസന്തകാല തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മാർച്ച് അവസാനത്തോടെ സർക്കാർ വീഴുമെന്നാണ് സൂചനയെന്നും തുടർന്ന് ഏപ്രിൽ-മെയ് മാസങ്ങളോടെ പൊതു തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും പെൻഡുലം ഗ്രൂപ്പിൻ്റെ സഹസ്ഥാപകനായ യാരോസ്ലാവ് ബാരൻ പറഞ്ഞു. കൺസർവേറ്റീവ് ഹൗസ് നേതാവ് ജെയ് ഹില്ലിൻ്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കൂടി ആയിരുന്നു ബാരൻ. സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ ഗവർണർ ജനറൽ മേരി സൈമണിനെ അറിയിക്കാനും തിരഞ്ഞെടുപ്പ് സമയത്തെക്കുറിച്ച് ഉപദേശിക്കാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. കാനഡയുടെ തെരഞ്ഞെടുപ്പ് കാമ്പെയ്‌നിനുള്ള സമയം കുറഞ്ഞത് 36 ദിവസവും പരമാവധി 50 ദിവസവുമാണ്.