ക്രിസ്മസിനെ വരവേറ്റ് ലോകം; യുദ്ധം തക‍ർക്കപ്പെട്ട സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് മാർപാപ്പ

By: 600007 On: Dec 25, 2024, 4:16 AM

 

യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും തുടക്കമായി. ഈ കാലയളവിൽ 3.22 കോടി തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.

ലോകസമാധാനത്തിനായി ഭൂമിയിൽ അവതരിച്ച ദൈവപുത്രത്തനെ സ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് നടക്കുന്നത്. ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ദേവാലയങ്ങളിൽ തിരുപ്പിറവി ശ്രുശ്രൂഷകൾ നടന്നു. ക്രൈസ്തവ ദേവാലയങ്ങൾ പ്രാർത്ഥനയിൽ അലിഞ്ഞു. പാലക്കാട് പുൽക്കൂട് തകർത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീന് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ.നെറ്റോ വിമർശിച്ചു. വന നിയ മഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവർത്തിച്ചു. തൃശ്ശൂ‍ർ പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ശുശ്രൂഷകൾ.