'ചേലാകർമ്മം അവസാനിപ്പിക്കും, അമേരിക്കയിൽ ഇനി ആണും പെണ്ണും മതി'; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

By: 600007 On: Dec 24, 2024, 5:13 PM

 

വാഷിങ്ടൺ: അമേരിക്കയിൽ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണും പെണ്ണും എന്ന ജെൻഡർ മാത്രമേ ഇനി യുഎസിൽ ഉണ്ടാകൂ, സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ട്രംപിന്‍റെ വിവാദ പരാമർശം.

സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാൻസ്ജെൻഡറുകളെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവിൽ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്നും പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രസ്താന യുഎസ് രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

കൂടാതെ കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പാനമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുക്രൈയിനിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മൂന്നാം ലോകമഹായുദ്ധം തടയുമെന്നും ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ അതിർത്തികൾ അടച്ച് പൂട്ടും. ഫെഡറൽ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും ട്രംപ്   ഫിനിക്‌സില്‍ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു