'നിങ്ങള്‍ ട്രോളിക്കോ, ഞാന്‍ നെറ്റ്ഫ്ലിക്സിലെത്തി': മോട്ടിവേഷന്‍ വ്ളോഗര്‍ ബെഞ്ചമിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By: 600007 On: Dec 24, 2024, 5:09 PM

 

കൊച്ചി: മോട്ടിവേഷന്‍ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന കുട്ടിയാണ് ബെഞ്ചമിന്‍ ജോബി. മുന്‍പ് ചെയ്ത വീഡിയോയില്‍ 'ശുഭദിനം' എന്ന് അവസാനം പറഞ്ഞത് വ്യക്തമാകാത്തതിനെ തുടര്‍ന്ന് അത് വലിയ ട്രോളായി ഈ കൊച്ചു മോട്ടിവേഷന്‍ സ്പീക്കറുടെ നേരെ വന്നിരുന്നു. എന്നാല്‍ ബെഞ്ചമിന്‍ ജോബി തളര്‍ന്നില്ല. മലയാളത്തില്‍ മാത്രം അല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം വീഡിയോ ചെയ്തു. 

ഇതില്‍ 'സപ്ന' എന്ന വീഡിയോ വലിയ വൈറലായി. ബോളിവുഡ് താരങ്ങള്‍ പോലും ബെഞ്ചമിന്‍റെ ഈ വീഡിയോ റീല്‍സ് ചെയ്തു. വിദ്യ ബാലന്‍റെ അടക്കം വീഡിയോ വൈറലായി. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്‍റെ ഈയര്‍ എന്‍റ് വീഡിയോയിലും എത്തിയിരിക്കുകയാണ് ബെഞ്ചമിന്‍ ജോബി. കോട്ട ഫാക്ടറി എന്ന സീരിസിലെ ഒരു കഥപാത്രത്തിന് മോട്ടിവേഷന്‍ കൊടുക്കുന്ന തരത്തിലാണ് രസകരമായ വീഡിയോ. 

ബെഞ്ചമിന്‍റെ 'സപ്ന' എന്ന വീഡിയോയിലെ കണ്ടന്‍റിന് പുറമേ, മലയാളത്തിലും ബെഞ്ചമിന്‍ ഇതില്‍ മോട്ടിവേഷന്‍ നല്‍കുന്നത് കാണാം. അതേ സമയം ഇത്തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോ‍ഡില്‍ അടക്കം താന്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് ബെഞ്ചമിന്‍ പറയുന്നത്. അതിന്‍റെ വീഡിയോകളും ബെഞ്ചമിന്‍ ജോബി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും എന്നും ബെഞ്ചമിനെ ട്രോളിയിരുന്ന പലരെയും ഞെട്ടിച്ചിട്ടുണ്ട് ഈ കുട്ടിയുടെ വളര്‍ച്ച. 

നെറ്റ്ഫ്ലിക്സ് ഇറക്കിയ NETFLIX PLAYBACK 2024 എന്ന വീഡിയോയു‍ടെ ഭാഗമാണ് ബെഞ്ചമിന്‍റെ വീഡിയോ. ഹീരമണ്ടി, ബോളിവുഡ് വൈവ്സ്, ലപ്പഡ ലേഡീസ്, കോട്ട ഫാക്ടറി പോലുള്ള നിരവധി സീരിസുകളും ചിത്രങ്ങളും ഈ വീഡിയോയുടെ ഭാഗമായിട്ടുണ്ട്. സ്ക്വിഡ് ഗെയിംസ് അടക്കം സീരിസുകളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ബെഞ്ചമിനെ കൂടാതെ എൽവിഷ് യാദവ്, മുനവർ ഫ്രുക്വി, തപ്‌സി പന്നു, അദിതി റാവു ഹൈദര്‍, സായിദ് ഖാൻ, ശാലിനി പാസി, നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, നാം അറോറ, മയൂർ എന്നിവരും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.