എങ്ങും ക്രിസ്മസ് ആഘോഷം, പങ്കു ചേർന്ന് കനേഡിയൻ സർക്കാരും

By: 600110 On: Dec 24, 2024, 3:20 PM

ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് കനേഡിയൻ സർക്കാരും ഗതാഗത വകുപ്പും.  കനേഡിയൻ ആകാശപാതയിലൂടെയുള്ള സഞ്ചാരത്തിന് സാന്‍റയുടെ വാഹനത്തിനും അനുമതി നല്കിയതായി ഫെഡറൽ സർക്കാർ അറിയിച്ചു. ജനങ്ങളുടെ ആഘോഷങ്ങളിൽ സർക്കാരും പങ്കു ചേരുന്നുവെന്ന് അറിയിക്കാനാണ് തമാശരൂപേണയുള്ള ഈ പ്രഖ്യാപനം.


തൻ്റെ കുട്ടിച്ചാത്തന്മാരുമായി ചേർന്ന് സാന്തയുടെ ഫ്ലൈറ്റ് പ്ലാൻ ഉൾപ്പെടെ നിരവധി പ്രധാന രേഖകൾ അവലോകനം ചെയ്തതായി ഗതാഗത - വാണിജ്യ മന്ത്രി അനിത ആനന്ദ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. സാന്തായുടെ ഫ്ലൈറ്റ് പ്ലാൻ അവലോകനം ചെയ്യുന്നു എന്നതിലൂടെ അവധിക്കാലത്ത് സുരക്ഷിതമായ യാത്രയ്ക്കുള്ള കാനഡയുടെ പ്രതിബദ്ധത കൂടിയാണ് മന്ത്രി തമാശരൂപേണ ഊന്നിപ്പറയുന്നത്. നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിൻ്റെ വെബ്‌സൈറ്റിലൂടെ കുട്ടികൾക്ക് സാൻ്റയെയും സാൻ്റയുടെ റെയിൻഡിയറിനെയും ട്രാക്ക് ചെയ്യാനും കഴിയും. ശീതയുദ്ധകാലത്ത് ആകസ്മികമായി ആരംഭിച്ച ഈ പരിപാടി പിന്നീട് എല്ലാം വർഷവും തുടരുകയായിരുന്നു.ഓരോ വർഷവും കുറഞ്ഞത് ഒരു ലക്ഷം കുട്ടികളെങ്കിലും സാൻ്റയുടെ ലൊക്കേഷനെ കുറിച്ച് അന്വേഷിക്കാൻ ഇവിടേക്ക് വിളിക്കാറുണ്ട്. ഇംഗ്ലീഷ് മുതൽ ജാപ്പനീസ് വരെയുള്ള ഒമ്പത് ഭാഷകളിലായി ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിൽ സാൻ്റയെയും പിന്തുടരാറുണ്ട്.