ഇമിഗ്രേഷന്‍ തട്ടിപ്പുകള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഓഫര്‍ ലഭിക്കുന്നതിന് ഇനി മുതല്‍ അധിക പോയിന്റുകള്‍ ലഭിക്കില്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ സ്ഥിരതാമസക്കാരനായി തെരഞ്ഞെടുക്കപ്പെടാനുള്ള കുടിയേറ്റക്കാരുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് നിയമവിരുദ്ധമായി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള പ്രേരണ ഈ താല്‍ക്കാലിക നടപടി കൊണ്ട് തടയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ മാറ്റം 2025 സ്പ്രിംഗ് സീസണിലാണ് പ്രാബല്യത്തില്‍ വരിക.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ കാനഡയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ, എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ബാധിക്കും. അതേസമയം, ഇതിനകം ആപ്ലിക്കേഷനുകള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചവരോ അപേക്ഷകള്‍ പ്രോസസിംഗ് നടക്കുന്ന ഉദ്യോഗാര്‍ത്ഥികളെയോ മാറ്റങ്ങള്‍ ബാധിക്കില്ലെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാറ്റം അവതരിപ്പിച്ചുകഴിഞ്ഞാല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ ജോലി വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പൂളില്‍ പ്രവേശിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് ബാധകമാകും.