ജപ്പാനിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനിയും നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷനും ഒന്നാകുന്നു, ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഇരുകമ്പനികളും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ജൂണ്‍ മാസത്തില്‍ അന്തിമ ലയന കരാറില്‍ ഒപ്പിടാനും 2026 ല്‍ ലയനം പൂര്‍ത്തിയാക്കാനുമാണ് തീരുമാനമെന്ന് ജപ്പാനിലെ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോണ്ടയുടെ തോഷിഹിറോ മിബെയും നിസാന്റെ മക്കോട്ടോ ഉചിഡയും തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുകമ്പനികളും ഒരു ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കാനാണ് പദ്ധതിയിടുന്നത്. ഹോണ്ടയുടെ പ്രതിനിധിയായിരിക്കും പുതിയ കമ്പനിയുടെ പ്രസിഡന്റ്.
നിസ്സാന്റെ പങ്കാളിയായ മിത്സുബിഷി മോട്ടോര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റുമാര്‍ തിങ്കളാഴ്ച രാവിലെ ജപ്പാന്‍ ഗതാഗത മന്ത്രാലയത്തില്‍ എത്തിയിരുന്നു. ലയന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അധികൃതരെ വിവരമറിയിക്കാനാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലയന കരാര്‍ പൂര്‍ത്തിയാക്കി 2026 ഓഗസ്റ്റില്‍ ടോക്യോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഹോള്‍ഡിംഗ് കമ്പനിയെ ലിസ്റ്റ് ചെയ്യാനും ഇരുകമ്പനികളും ലക്ഷ്യമിടുന്നു.