ബ്രിട്ടീഷ് കൊളംബിയയിലെ റെസ്റ്റോറൻ്റുകളിൽ നിന്നും റീട്ടെയിൽ സ്ഥലങ്ങളിൽ നിന്നും അസംസ്കൃത ഓയിസ്റ്റർ കഴിച്ച് 64 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ്. നോറോ വൈറസ് ബാധയ്ക്ക് സമാനമായ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ രോഗങ്ങൾ കണ്ടെത്തിയതായാണ് BC സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, പ്രൊവിൻഷ്യൽ ഹെൽത്ത് അതോറിറ്റി എന്നിവ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നത്.
നവംബർ 1 മുതലാണ് വാൻകൂവർ കോസ്റ്റൽ ഹെൽത്ത്, ഫ്രേസർ ഹെൽത്ത്, ഐലൻഡ് ഹെൽത്ത് മേഖലകളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി ചിലർ അത്യാഹിത വിഭാഗത്തെ സമീപിച്ചെങ്കിലും ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറയുന്നു. ശൈത്യകാലത്ത് നോറോവൈറസ് സാധാരണമാണെന്നും നിർജ്ജലീകരണം ഉൾപ്പെടെയുള്ള തീവ്രമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും പ്രസ്താവനയിലുണ്ട്. ഇത് പ്രായമായവർക്കും ചെറുപ്പക്കാർക്കും ഗുരുതരമായ പ്രശ്‌നമുണ്ടാക്കും. രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഓയിസ്റ്റർ വിളവെടുപ്പ് തല്ക്കാലത്തേക്ക് നിരോധിച്ചിട്ടുണ്ട്.