നിരക്ക് വര്‍ധനകളില്ലാത്ത 30 വര്‍ഷത്തെ മോര്‍ഗേജ്: യുഎസ് മോഡല്‍ കാനഡയില്‍ പ്രാവര്‍ത്തികമാകുമോ? 

By: 600002 On: Dec 23, 2024, 11:55 AM

 

 


നിരക്ക് വര്‍ധനകളില്ലാത്ത 30 വര്‍ഷത്തെ യുഎസ് മോഡല്‍ മോര്‍ഗേജ് കാനഡയിലും നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി ഫെഡറല്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. കാനഡയില്‍ ദീര്‍ഘകാല മോര്‍ഗേജുകള്‍ കൂടുതല്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ആശയം സംബന്ധിച്ച് ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായ്പ എടുത്താല്‍ അടുത്ത 30 വര്‍ഷത്തേക്ക് മോര്‍ഗേജ് പേയ്‌മെന്റുകള്‍ സ്ഥിരമായി നിലനിര്‍ത്തുന്ന പലിശനിരക്കാണ് ഇതനുസരിച്ച് ബാങ്ക് വാഗ്ദാനം ചെയ്യുക. താല്‍പ്പര്യമുണ്ടെങ്കില്‍ നേരത്തെ അടച്ചുതീര്‍ക്കാം. അതിന് പിഴ നല്‍കേണ്ടിയും വരില്ല. 

പലിശ നിരക്ക് കുത്തനെ കുറയുകയാണെങ്കില്‍, കുറഞ്ഞ പ്രതിമാസ പേയ്‌മെന്റുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആ ലോണ്‍ റീഫിനാന്‍സ് ചെയ്യാന്‍ കഴിയും. ഇതാണ് അമേരിക്കയില്‍ നടപ്പാക്കുന്ന മോര്‍ഗേജ് സംവിധാനത്തിന്റെ പ്രത്യേകതകള്‍. ഈ മാതൃക കാനഡയിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിച്ച് വരികയാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കാനഡയിലേക്ക് അത്തരമൊരു ഉല്‍പ്പന്നം കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം മോര്‍ഗേജിനെ ഫ്രാങ്കെന്‍സ്റ്റൈന്‍സ് മോണ്‍സ്റ്റര്‍ എന്നാണ് ചില നിരീക്ഷകര്‍ വിളിക്കുന്നത്. ചിലര്‍ പറയുന്നത് മോര്‍ഗേജിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭവന വിപണിയെ വീട് വാങ്ങുന്നവര്‍ക്ക് അഫോര്‍ഡബിളാക്കി മാറ്റില്ലെന്നാണ്. 

കാനഡയിലെ വീട്ടുടമസ്ഥര്‍ പലപ്പോഴും അഞ്ച് വര്‍ഷമോ അതില്‍ കുറവോ പലിശ നിരക്കില്‍ മോര്‍ഗേജ് എടുക്കുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തിന്റെ അവസാനത്തില്‍, പുതുക്കുന്ന സമയത്തെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പലിശ നിരക്ക് മാറും. അമേരിക്കയിലേതുപോലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സംവിധാനമില്ലാതെ 30 വര്‍ഷം വരെ കാലാവധിയുള്ള മോര്‍ഗേജുകള്‍ നല്‍കുന്നതിന് കനേഡിയന്‍ ലെന്‍ഡര്‍മാര്‍ വളരെ ചെലവേറിയ പലിശ നിരക്കുകള്‍ ഈടാക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ സംവിധാനം കനേഡിയന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ചെലവ് വരുത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.