ക്രിസ്മസ് ദിനത്തില്‍ അസ്ഥി മരവിപ്പിക്കും തണുപ്പ്; സതേണ്‍ ഒന്റാരിയോയില്‍ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു 

By: 600002 On: Dec 23, 2024, 10:55 AM

 


ക്രിസ്മസ് അവധിക്കാലത്ത് സതേണ്‍ ഒന്റാരിയോയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ക്രിസ്മസിന് മുമ്പ് ആസൂത്രണം ചെയ്യുന്ന അവധിക്കാല യാത്രാ പദ്ധതികളെയെല്ലാം കൊടുംതണുപ്പും കനത്ത മഞ്ഞുവീഴ്ചയും തകിടംമറിച്ചേക്കാമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മഞ്ഞുവീഴ്ച ആരംഭിക്കുകയും പകല്‍ മുഴുവന്‍ അത് നിലനില്‍ക്കുകയും ചെയ്യും. പ്രദേശത്ത് മിതമായതോ കനത്തതോ ആയ മഞ്ഞുവീഴ്ചയായിരിക്കും സൃഷ്ടിക്കുക. സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ ഒന്റാരിയോയില്‍ സ്‌നോ സ്‌റ്റോമിന്റെ ആഘാതം ഉണ്ടാകാനിടയുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. 

എന്നാല്‍, ഡീപ് സൗത്ത് വെസ്റ്റേണ്‍ ഒന്റാരിയോ, ലേക്ക് ഒന്റാരിയോ തീരത്തുള്ള ജിടിഎ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുടെ സ്വാധീനം വളരെ കുറവായിരിക്കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ മുതല്‍ ബ്രൂസ് പെനിന്‍സുലയിലേക്കും ജോര്‍ജിയന്‍ ഉള്‍ക്കടലിലേക്കും മഞ്ഞ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് മഞ്ഞ് കിഴക്കോട്ട് വ്യാപിക്കും, ഉച്ചയോടെ ഈസ്‌റ്റേണ്‍ ഒന്റാരിയോയുടെ എല്ലാ പ്രദേശങ്ങളിലേക്കും കനത്ത മഞ്ഞ് മൂടും. 

ഏറ്റവും കനത്ത മഞ്ഞുവീഴ്ച ജോര്‍ജിയന്‍ ഉള്‍ക്കടലിന്റെ കിഴക്ക് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ, സൗത്ത്‌വെസ്‌റ്റേണ്‍ ഒന്റാരിയോയിലും മഞ്ഞുവീഴ്ച ആരംഭിക്കുമെന്നാണ് പ്രവചനം.