കാല്‍ഗറി വിമാനത്താവളത്തില്‍ അവധി ദിവസങ്ങളില്‍ 1.5 മില്യണ്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നു 

By: 600002 On: Dec 23, 2024, 9:33 AM

 


അവധി ദിവസങ്ങളില്‍ കാല്‍ഗറി വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുകയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. ഡിസംബര്‍ 20 വെള്ളിയാഴ്ച YYC വഴി 48,000 ത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിച്ചത്. കാനഡയിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് കടന്നുപോകുന്നത്. അവധി ദിവസങ്ങളില്‍ മൊത്തം 1.5 മില്യണ്‍ യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നതെന്നാണ് കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ അവധിക്കാല ദിനങ്ങളുള്ളതിനേക്കാള്‍ 100,000 യാത്രക്കാര്‍ ഈ വര്‍ഷം കൂടുതലാണ്. 

തിരക്കേറുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനും ലൈനപ്പുകള്‍ ഒഴിവാക്കാനും യാത്രാ സമ്മര്‍ദ്ദം കുറയ്ക്കാനും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സുരക്ഷാ പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതനുസരിച്ച് കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായകമാകുന്നു. ആഭ്യന്തര യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പും, അന്താരാഷ്ട്ര യാത്രകള്‍ക്കായി മൂന്ന് മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തിച്ചേരണം. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ArriveCan  ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ വേഗത്തില്‍ മൂന്‍കൂട്ടിയുള്ള വിവരങ്ങള്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കും.