2011 -ലെ ക്രിസ്മസിന് യുഎസിലെ ടെക്സസിന്‍റെ ക്രിസ്മസ് തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രേപ്പ്‍വൈനിലെ താമസക്കാര്‍ ഉണര്‍ന്നത് പോലീസ് വാഹനങ്ങളുടെ നീണ്ട് സൈറണ്‍ മുഴക്കം കേട്ടാണ്. പുല്‍ക്കൂട്ടില്‍ ജനിച്ച ദൈവപുത്രന് പകരം അന്ന് അവര്‍ കണ്ടത് സമ്മാന പേപ്പറില്‍ പൊതിഞ്ഞ ആറ് മൃതദേഹങ്ങളും ഒപ്പം അത്തരത്തിലല്ലാത്ത ഒരു മൃതദേഹവുമായിരുന്നു. ഓരോ ക്രിസ്മസ് തലേന്നും ടെക്സസുകാരുടെ ഓർമ്മകളിലേക്ക് ആ ക്രിസ്മസ് രാത്രി കടന്നു വരുന്നു. ക്രിസ്മസിന് കുടുംബത്തെ സന്തോഷിപ്പിക്കാന്‍ സാന്താക്ലോസിന്‍റെ വേഷത്തിലെത്തിയ ഭര്‍ത്താവ് കുടുംബത്തിലെ എല്ലാവരെയും അന്ന് വെടിവച്ച് വീഴിത്തി. ഒടുവില്‍ വീട്ടില്‍ പോലീസെത്തിയപ്പോള്‍ കണ്ടത് സമ്മാനങ്ങള്‍ പൊതിയുള്ള പേപ്പറില്‍ പൊതിഞ്ഞ് വച്ച ഏഴ് മൃതദേഹങ്ങള്‍.
ഇറാനിയന്‍ വംശജനായ അസീസ് യാസ്ദാന്‍പാന (56) ആണ് അന്ന് സാന്താക്ലോസിന്‍റെ വേഷത്തില്‍ വീട്ടിലെത്തിയത്. അസീസ്, തന്‍റെ ഭാര്യ, കൗമാരക്കാരായ രണ്ട് കുട്ടികള്‍, ഭാര്യയുടെ സഹോദരി, സഹോദരീ ഭർത്താവ്, മരുമകൾ എന്നിവരെയാണ് അന്ന് രാത്രി കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തില്‍ മരുമകളുടെ മൊബൈലില്‍ നിന്ന് ഒരു സന്ദേശം കണ്ടെടുത്തു. തന്‍റെ കാമുകന് അയച്ച ആ സന്ദേശത്തില്‍, തങ്ങള്‍ വീട്ടിലെത്തിയതേയുള്ളൂവെന്നും സാന്താക്ലോസീന്‍റെ വേഷത്തില്‍ അമ്മാവനും വീട്ടിലുണ്ടെന്നും അദ്ദേഹമാകും ഈ വര്‍ഷത്തെ ക്രിസ്മസ് ഫാദറാകാന്‍ ആഗ്രഹിക്കുന്നെന്നുമായിരുന്നു എഴുതിയിരുന്നത്. പക്ഷേ, അടുത്ത 20 മിനിറ്റിനുള്ളില്‍ അന്ന് ആ വീട്ടിലുണ്ടായിരുന്ന അസീസ് ഒഴികെയുള്ളവരെല്ലാം വെടിയേറ്റ് മരിച്ചു.
സാന്‍റാ സ്യൂട്ട് ധരിച്ച അസീസ്, ജീവനൊടുക്കും മുമ്പ് 911 -ൽ വിളിച്ച് കൊലപാതകത്തെ കുറിച്ച് അറിയിച്ചിരുന്നു. അസീസിന്‍റെ ഫോണ്‍ സന്ദേശം ലഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ പോലീസ് കണ്ടത് ആറു പേരുടെ മൃതദേഹങ്ങള്‍ സമ്മാനങ്ങള്‍ പൊതിയുള്ള പേപ്പറില്‍ പൊതിഞ്ഞ് നിലയിലും ഒപ്പം അസീസിന്‍റെ മൃതദേഹവുമായിരുന്നു. ഭാര്യ ഫത്തേമെ റഹ്മതി (55), മകൻ അലി (14), മകൾ നോന (19) ഭാര്യയുടെ സഹോദരി സൊഹ്രെഹ് റഹ്മതി (58), ഭർത്താവ് മുഹമ്മദ് ഹുസൈൻ സറേയ് (59), മകൾ സഹ്റ (22) എന്നിവരെയാണ് അസീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഓരോ മൃതദേഹത്തില്‍ നിന്നും മൂന്നും നാലും ബുള്ളറ്റുകളാണ് പോലീസ് കണ്ടെടുത്തത്. രണ്ട് കൈത്തോക്കുകളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി.