വലിയ ശമ്പളവും ടിക്കറ്റും വിസയും; വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്, മലയാളികളേ ജാഗ്രതൈ, നിർദ്ദേശവുമായി നോർക്ക

By: 600007 On: Dec 22, 2024, 5:23 PM

 

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്. ഇതിനെതിരെ നോര്‍ക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലന്‍ഡ്, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

കോള്‍ സെന്റര്‍, ക്രിപ്റ്റോ കറന്‍സി, ബാങ്കിംഗ്, ഷെയര്‍മാര്‍ക്കറ്റ്, ഹണിട്രാപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍ അല്ലെങ്കില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് പോലുള്ള തസ്തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാര്‍ മുഖേനയുമാണ് തൊഴില്‍ അന്വേഷകരെ കെണിയില്‍ വീഴ്ത്തുന്നത്. ടെലികോളര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ക്കായി വലിയ ശമ്പളവും ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്.  വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട  ഏജന്റുമാര്‍ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയാണ് റിക്രൂട്ട് ചെയ്യുന്നത്. 

ഇരകളെ നിയമവിരുദ്ധമായി തായ്ലന്‍ഡില്‍ നിന്ന് അതിര്‍ത്തി കടത്തി ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ അയല്‍രാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓണ്‍ലൈനായും ഫോണ്‍ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നത്. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികള്‍ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കാണ് കെണിയില്‍ വീഴുന്നവര്‍ ഇരയാകുന്നത്. ഇത്തരത്തില്‍ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.