കാൽഗറിയിൽ നഗരസഭാ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചതായി റിപ്പോർട്ട്. 2022 അവസാനത്തോടെ നഗരത്തിലെ അഡ്മിനിസ്ട്രേഷൻ ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം വർധിച്ചതായാണ് കണക്ക്. രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് കാൽഗറി. ഇതിനനുസരിച്ച് സേവനങ്ങളുടെ ആവശ്യവും വർദ്ധിച്ചതോടെയാണ് ജീവനക്കാരുടെ എണ്ണം കൂടിയത്.
2022 ഡിസംബർ 31ന് 13483 നഗരസഭാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ 2024 സെപ്റ്റംബർ 30 ആയപ്പോഴേക്കും ഇത് 15751 ആയി വർദ്ധിച്ചു. കഴിഞ്ഞ മാസം പാസ്സാക്കിയ ബജറ്റ് അനുസരിച്ച് വസ്തു നികുതി 3.6 ശതമാനം കൂട്ടിയിരുന്നു. ഇതോടെയാണ് നഗരസഭയുടെ വരവ് ചെലവ് കണക്കുകളെ കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നത്. കാൽഗറി പാർക്കിംഗ് അതോറിറ്റിയെ നഗരവുമായി സംയോജിപ്പിച്ചതിൻ്റെയും കാൽഗറി ട്രാൻസിറ്റിലെയും വിനോദ-സാമൂഹിക പരിപാടികളിലെയും നിയമനത്തിൻ്റെ ഫലമായി 2023ൽ ജീവനക്കാരുടെ എണ്ണം ഉയർത്തിയിരുന്നു. 2024-ൽ, കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ്, കാൽഗറി ട്രാൻസിറ്റ്, എമർജൻസി മാനേജ്‌മെൻ്റ്, കമ്മ്യൂണിറ്റി സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് എന്നിവയിലേക്കാണ് കൂടുതൽ നിയമനങ്ങളുണ്ടായത്.അടുത്ത പത്ത് വർഷത്തിനുള്ളിൽ, കാൽഗറിയിലെ ജനസംഖ്യ രണ്ട് ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ. ദ്രുതഗതിയിലുള്ള ഈ വളർച്ച നഗര സേവനങ്ങളുടെ ആവശ്യവും വർദ്ധിപ്പിക്കും. ഇതിൻ്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ ഇനിയും നിയമിക്കേണ്ടി വരുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി