പുതിയ നികുതി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സിആര്‍എ; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്പുകളിലൂടെയും പണം സമ്പാദിക്കുന്നവരെ ബാധിക്കും 

By: 600002 On: Dec 20, 2024, 10:07 AM

 

 


റൈഡ് ഷെയറിംഗ് ആപ്പുകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വഴി പണം സമ്പാദിക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയാണ് കാനഡ റെവന്യു ഏജന്‍സി(CRA) പ്രഖ്യാപിച്ച പുതിയ മാറ്റങ്ങള്‍. പുതിയ നിയമം അനുസരിച്ച്, ഡിജിറ്റല്‍പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍മാര്‍ ഗിഗ് വര്‍ക്കേഴ്‌സിന്റെ വിവരങ്ങള്‍ സിആര്‍എയില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. പുതിയ നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഹ്രസ്വകാല കരാറുകള്‍, ഫ്രീലാന്‍സ് ജോലികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള മറ്റ് തൊഴിലുകള്‍, സേവനങ്ങള്‍ എന്നിവയാണ് ഗിഗ് വര്‍ക്ക് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. 

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നികുതി ബാധ്യതകള്‍ കണക്കാക്കുന്നില്ലെന്നും ഗിഗ് വര്‍ക്കേഴ്‌സിന്റെ മുഴുവന്‍ വരുമാനവും എല്ലായ്‌പ്പോഴും ലഭ്യമാകാറില്ലെന്നുമുള്ള ടാക്‌സ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഈ പുതിയ നിയമം സഹായകമാകുമെന്ന് ടാക്‌സ് പ്രിപ്പറേഷന്‍ കമ്പനിയായ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. Etsy, eBay, Poshmark, Airbnb, Vrbo, Uber എന്നിവ പോലുള്ള ഗിഗ് പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍മാര്‍ 2025 ജനുവരി 31 നകം തൊഴിലാളികളുടെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം. തൊഴിലാളികളുടെ പേര്, ജനനത്തീയതി, വിലാസം, നികുതി തിരിച്ചറിയല്‍ നമ്പര്‍(TINs) തുടങ്ങിയവ സിആര്‍എയുമായി പങ്കിടണം. മിക്ക കനേഡിയന്‍ പൗരന്മാര്‍ക്കും   TINs  ഒമ്പത് അക്ക സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറുകളാണ്(SIN). സിആര്‍എയില്‍ സമര്‍പ്പിച്ച വിവരങ്ങളുടെ ഒരു പകര്‍പ്പ് കമ്പനികള്‍ ഉപയോക്താക്കള്‍ക്കും നല്‍കണം എന്നതാണ് ചട്ടം. 

2024 ല്‍ 9 മില്യണ്‍ കനേഡിയന്‍ പൗരന്മാരും(28 ശതമാനം)ഗിഗ് വര്‍ക്ക് വഴി പണം സമ്പാദിച്ചതായാണ് H&R  ബ്ലോക്ക് നടത്തിയ പഠനത്തിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.