കനേഡിയൻ പൌരന്മാരിൽ മൂന്നിലൊന്ന് പേരും യാത്രാ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് സർവേ. എ ഐ സാങ്കേതികത ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന യാത്രകൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഫ്ലൈറ്റ് സെൻ്റർ കാനഡ ട്രാവൽ സ്‌കാമുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 32 ശതമാനം കാനഡക്കാരും യാത്രാ തട്ടിപ്പുകൾക്ക് ഇരയായതായാണ് റിപ്പോർട്ടിലുള്ളത്. അതിൽ പകുതിയോളം പേരും, Gen-Z വിഭാഗക്കാരായ യാത്രക്കാർ ആയിരുന്നു. പ്രമുഖ ട്രാവൽ ഏജൻസികളുടെ പേരുകളിൽ ഉൾപ്പെടെ തട്ടിപ്പ് നടക്കുന്നുണ്ട്. ട്രാവൽ സൈറ്റുകളിൽ നിന്നാണ് തട്ടിപ്പുകാർ ഉപഭോക്താക്കളുടെ നമ്പർ ലഭ്യമാക്കുക. തുടർന്ന് ട്രാവൽ ഏജൻ്റ് എന്ന വ്യാജേന എ ഐ ടൂൾ ഉപയോഗിച്ച് വിളിച്ചാണ് ആളുകളെ കമ്പളിപ്പിക്കുന്നത്. AI- ജനറേറ്റഡ് വെബ്‌സൈറ്റുകൾ, AI- ജനറേറ്റഡ് ചാറ്റ്ബോട്ടുകൾ എന്നിവ കൂടുതലായി ഇതിനായി ഉപയോഗിക്കുന്നതായി TICO സിഇഒ റിച്ചാർഡ് സ്മാർട്ട് പറഞ്ഞു. TICO-രജിസ്‌റ്റർ ചെയ്‌ത കമ്പനിയിൽ ബുക്ക് ചെയ്യുന്ന ആർക്കും അവരുടെ യാത്രയിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും റിച്ചാർഡ് സ്മാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.