നിരക്ക് വർദ്ധനകളില്ലാത്ത 30 വർഷത്തെ യു എസ് മോഡൽ മോർട്ട്ഗേജ് കാനഡയിലും നടപ്പിലാക്കാൻ ആലോചന. വായ്പ എടുത്താൽ അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ മോർട്ട്ഗേജ് പേയ്‌മെൻ്റുകൾ സ്ഥിരമായി നിലനിർത്തുന്ന ഒരു പലിശ നിരക്കാണ് ഇതനുസരിച്ച് ബാങ്ക് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുക. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അത് നേരത്തെ അടച്ചുതീർക്കാം. അതിന് പിഴ നല്കേണ്ടിയും വരില്ല.
പലിശ നിരക്ക് കുത്തനെ കുറയുകയാണെങ്കിൽ , കുറഞ്ഞ പ്രതിമാസ പേയ്‌മെൻ്റുകൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് ആ ലോൺ റീഫിനാൻസ് ചെയ്യാൻ കഴിയും. ഇതാണ് അമേരിക്കയിൽ നടപ്പാക്കുന്ന മോർട്ഗോജ് സംവിധാനത്തിൻ്റെ പ്രത്യേകതകൾ. ഈ മാതൃക കാനഡയിലേക്ക് കൊണ്ടുവരുന്നതിൻ്റെ സാധ്യത പരിശോധിച്ച് വരികയാണെന്ന് ഫെഡറൽ സർക്കാർ നേരത്തേ സൂചന നൽകിയിരുന്നു. കാനഡയിൽ ദീർഘകാല മോർട്ട്ഗേജുകൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കുക എന്ന ആശയത്തെക്കുറിച്ചുള്ള ഒരു ചെറിയ പരാമർശം സർക്കാറിൻ്റെ ഫാൾ ഇക്കണോമിക് സ്റ്റേറ്റ്മെൻ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്കയിലേത് അവിടത്തെ ഹൌസിങ് മാർക്കറ്റിന് മാത്രം അനുയോജ്യമായ മോർട്ഗേജ് സംവിധാനമാണെന്നും കാനഡയിൽ നടപ്പാക്കിയാൽ ദോഷഫലങ്ങൾ ഉണ്ടായേക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.