കാനഡ അമേരിക്കയുടെ 51ആമത് സംസ്ഥാനമാകണമെന്ന് പല കനേഡിയൻ പൌരന്മാരും ആഗ്രഹിക്കുന്നുവെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് . ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിലാണ് ട്രംപിൻ്റെ പരാമർശം. കാനഡ അമേരിക്കയിലെ 51ആമത് സംസ്ഥാനമാകുന്നത് മികച്ച ആശയമാണെന്നും ട്രംപ് വ്യക്തമാക്കി.
കനേഡിയൻ പൗരന്മാരിൽ കൂടുതലും കാനഡ അമേരിക്കയിലെ ഒരു സംസ്ഥാനമാകണമെന്ന അഭിപ്രായക്കാരാണ്. അതൊരു മികച്ച ആശയമാണ്. അങ്ങനെ ചെയ്താൽ പല കാര്യങ്ങളിലും അവർക്ക് ചെലവ് ഭീമമായി കുറയ്ക്കാൻ കഴിയും, ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്രംപ് ഇത്തരമൊരു ആവശ്യം പരസ്യമായി ഉന്നയിക്കുന്നത് ആദ്യമായല്ല. എന്നാൽ അതിർത്തിയിലെ പ്രശ്നങ്ങളും മയക്കുമരുന്ന് കടത്തുമുൾപ്പടെ കാനഡയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ ഗവർണർ എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രംപ് ആവർത്തിച്ച് പരാമർശിക്കുന്നുമുണ്ട്.