കാനഡയിൽ ഇനി ചൂടുള്ള ശൈത്യകാലം പതിവാകുമെന്ന് പുതിയ പഠനങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ഇത്. ലോസ്റ്റ് വിൻ്റർ ഡെയ്സ് എന്ന പ്രതിഭാസം വരും വർഷങ്ങളിൽ കൂടുമെന്നും റിപ്പോർട്ടിലുണ്ട്. ശൈത്യകാലത്തും ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴാത്ത ദിവസങ്ങളെയാണ് ലോസ്റ്റ് വിൻ്റർ ഡെയ്സ് എന്ന പേരിൽ അറിയപ്പെടുന്നത്.
എണ്ണ, കൽക്കരി, മീഥെയ്ൻ വാതകം എന്നിവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം വടക്കൻ അർദ്ധഗോളത്തിലുടനീളമുള്ള രാജ്യങ്ങൾക്ക് ശൈത്യകാല ദിനങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്. ചൂട് കൂടുന്ന ശൈത്യകാലം മനുഷ്യരെയും പരിസ്ഥിതിയെയുമെല്ലാം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശീതകാല കായിക ഇനങ്ങളെയും അതുപയോഗിച്ച് ഉപജീവനം നടത്തുന്നവരെയും ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഇല്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിലെ 20 ശതമാനം പ്രദേശങ്ങളിൽ വർഷത്തിൽ ഒരാഴ്ചയോളം കൂടുതൽ തണുത്തുറഞ്ഞ താപനില അനുഭവപ്പെടുന്നുണ്ടെന്നും ക്ലൈമറ്റ് സെൻട്രൽ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോഷ്യ, ഒൻ്റാരിയോ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യൂബെക്ക് എന്നിവയാണ് പ്രദേശങ്ങൾ.