കാനഡയില്‍ ഭീഷണി ഉയര്‍ത്തി 'ഗോസ്റ്റ് ഗണ്‍'

By: 600002 On: Dec 19, 2024, 10:35 AM

 

 

യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയാന്‍ തോംസണെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ലുയിജി മാന്‍ജിയോണിന്റെ ബാക്ക്പാക്കില്‍ നിന്ന് കണ്ടെത്തിയ ആയുധം   ത്രിഡി പ്രിന്റഡ് പിസ്റ്റള്‍ ആണെന്ന് അമേരിക്കയിലെ നിയമപാലകര്‍ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങള്‍ 'ഗോസ്റ്റ് ഗണ്‍' എന്നാണ് അറിയപ്പെടുന്നത്. കമ്മ്യൂണിറ്റികളില്‍ വര്‍ധിച്ചുവരുന്ന ഭീഷണിയാണ് ഈ ഗോസ്റ്റ് ഗണ്‍ എന്ന് കാനഡയിലെയും അമേരിക്കയിലെയും പോലീസ് സേന പറയുന്നു. കനേഡിയന്‍ സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഗോസ്റ്റ് ഗണ്‍ എന്നത് സ്വകാര്യമായി നിര്‍മിച്ച തോക്കാണ്(പിഎംഎഫ്). ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 

ഗോസ്റ്റ് ഗണ്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതോ സീരിയല്‍ നമ്പറുകളോ മറ്റ് അടയാളങ്ങളോ ഇല്ലാത്തതാണെന്നും ഇവ തിരിച്ചറിയാന്‍ പ്രയാസമാണെന്നും 2023 ല്‍ പബ്ലിക് സേഫ്റ്റി കാനഡ തയാറാക്കിയ പാര്‍ലമെന്ററി കമ്മിറ്റി നോട്ടില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉറവിടം കണ്ടെത്താനും തിരിച്ചറിയാനും പ്രയാസമായതിനാല്‍ ഗോസ്റ്റ് ഗണ്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അധികൃതര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ക്യുബെക്ക് പ്രൊവിന്‍ഷ്യല്‍ പോലീസിന്റെ നേതൃത്വത്തില്‍ ത്രിഡി പ്രിന്റഡ് തോക്കുകളുടെ നിര്‍മ്മാതാക്കളെ ലക്ഷ്യമിട്ട് എട്ട് പ്രവിശ്യകളില്‍ റെയ്ഡ് നടത്തിയിരുന്നു. ALERT എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 45 പേരെ അറസ്റ്റ് ചെയ്യുകയും ഗോസ്റ്റ് ഗണ്‍ ഉള്‍പ്പെടെ 440 ഓളം ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായ പ്രതികളില്‍ ചിലര്‍ക്ക് സംഘടിത കുറ്റകൃത്യ ശ്യംഖലയുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഈ ആയുധങ്ങള്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ഭാഗങ്ങളായി നിര്‍മിക്കാം. Do-it-yourself കിറ്റുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ത്രിഡി പ്രിന്റര്‍ ഉപയോഗിച്ച് വീട്ടില്‍ പ്രിന്റ് ചെയ്‌തോ ഗോസ്റ്റ് ഗണ്‍ നിര്‍മിക്കാന്‍ സാധിക്കും. ഇത് വലിയ അപകടസാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. 

കാനഡയിലെ ബില്‍ സി-21 പ്രകാരം ഗോസ്റ്റ് ഗണ്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്. കൂടാതെ, തോക്കോ മറ്റ് നിരോധിത ഉപകരണമോ നിര്‍മ്മിക്കുന്നതിനോ കടത്തുന്നതിനോ വേണ്ടി ത്രിഡി പ്രിന്റര്‍, മെറ്റല്‍ മില്ലിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍ സിസ്റ്റം, കമ്പ്യൂട്ടര്‍ ഡാറ്റ എന്നിവ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്. മാത്രവുമല്ല, ഗോസ്‌റഅറ് ഗണ്‍ നിര്‍മിക്കാന്‍ ത്രിഡ് പ്രിന്റര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിന് അ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും നിയമവിരുദ്ധമാണ്.