അവധിക്കാല നികുതി ഇളവ് ലംഘിക്കുന്ന റെസ്‌റ്റോറന്റുകളെക്കുറിച്ച് കാനഡ റെവന്യു ടാക്‌സ് ഏജന്‍സിക്ക് അന്വേഷിക്കാമെന്ന് ഒന്റാരിയോ റെസ്‌റ്റോറന്റ് ഹോട്ടല്‍ ആന്‍ഡ് മോട്ടല്‍ അസോസിയേഷന്‍. ജിഎസ്ടി, എച്ച്എസ്ടി ഇളവ് ആരംഭിച്ച ദിവസം ഭക്ഷണം കഴിച്ച ഉപഭോക്താവിനോട് നികുതി ഉള്‍പ്പെടെ അടയ്ക്കാന്‍ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെയാണ് അസോസിയേഷന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. ടാക്‌സ് ബ്രേക്കിന് കീഴില്‍, ഫെബ്രുവരി 15 വരെ പാകം ചെയ്ത ഭക്ഷണങ്ങള്‍, റെസ്റ്റോറന്റ് ഭക്ഷണം, ചില ലഘുഭക്ഷണങ്ങള്‍, തെരഞ്ഞെടുത്ത ലഹരിപാനീയങ്ങള്‍ എന്നിവയുടെ നികുതി ഒഴിവാക്കുന്നുണ്ട്.
അതേസമയം, ജിഎസ്ടി ഇളവ് ഹോസ്പിറ്റാലിറ്റി ഓര്‍ഗനൈസേഷനുകളിലെ പലര്‍ക്കും ആശയക്കുഴപ്പവും നിരാശയും ഉണ്ടാക്കുന്നതാണെന്ന് ഒന്റാരിയോ ഹോട്ടല്‍ ആന്‍ഡ് മോട്ടല്‍ അസോസിയേഷന്‍ സിഇഒയും പ്രസിഡന്റുമായ ടോണി എലെനിസ് പറഞ്ഞു. എങ്കിലും അടുത്ത രണ്ട് മാസത്തിനുള്ളില്‍ നികുതി പിരിക്കുന്ന ഏത് റെസ്റ്റോറന്റും കാനഡ റെവന്യു ഏജന്‍സിയുടെ അന്വേഷണത്തിന് വിധേയമാകുമെന്ന് എലെനിസ് അറിയിച്ചു.