ടൊറൻ്റോയിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ. തൊഴിലില്ലായ്മ നിരക്കായ 8.1 ശതമാനം COVID-19 പാൻഡെമിക്കിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് . ഏകദേശം 379,000ളം പേർ നവംബറിൽ തൊഴിലന്വേഷകരായി ഉണ്ടെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഒൻ്റാരിയോയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയതും ടൊറൻ്റോയിലാണ്.തൊട്ടു പിറകെയുള്ള നഗരം വിൻഡ്‌സറാണ്. ഒൻ്റാരിയോയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 7.6 ശതമാനമായിരുന്നു. കുടിയേറ്റവും പലിശ നിരക്കും അടക്കമുള്ള കാര്യങ്ങളാണ് തൊഴിലില്ലായ്മ നിരക്കിനെ പ്രധാനമായും ബാധിക്കുന്നത്. പലിശനിരക്കിലെ വർധന ചില മേഖലകളിലെ പുതിയ നിയമനങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ സമീപ കാലത്ത് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത് ഭാവിയിൽ തൊഴിൽ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് കാരണമായേക്കും. കുടിയേറ്റത്തെ തുടർന്ന് ജനസംഖ്യയിൽ ഉണ്ടായ വർധനയും തൊഴിലില്ലായ്മ വർധിക്കാൻ കാരണമായിട്ടുണ്ട്.