മോർട്ഗേജ് തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി കാനഡ റവന്യൂ ഏജൻസി

By: 600110 On: Dec 18, 2024, 2:10 PM

തട്ടിപ്പുകാർ സൂക്ഷിക്കുക, പണയ തട്ടിപ്പ് നടത്തുന്നവരെ കൂടുക്കാൻ  വരുമാന പരിശോധന സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കാനഡ റെവന്യൂ ഏജൻസി (CRA). ഫെഡറൽ സർക്കാരിൻ്റെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. 

തെറ്റായ വിവരങ്ങൾ നല്കി സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പ സംഘടിപ്പിക്കുന്നതിനാണ് മോർട്ഗേജ് ഫ്രോഡ് അഥവാ പണയതട്ടിപ്പെന്ന് പറയുന്നത്. ഇത്തരത്തിലുള്ള വഞ്ചന ഭാവിയിൽ മോർട്ട്ഗേജോ ക്രെഡിറ്റോ നേടുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ  ഇത് പരമാവധി കുറയ്ക്കാനാണ് പുതിയ സംവിധാനത്തിലൂടെ ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. മോർട്ട്ഗേജ് അപേക്ഷയിലെ വിവരങ്ങൾ വ്യാജമാണെന് കണ്ടെത്താനും  മറ്റൊരാളുടെ പേരിൽ  വ്യാജ രേഖകൾ ഹാജരാക്കുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും. പുതിയ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി  ഐടി,നിയമ, സെക്യൂരിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് വരികയാണ്. 2025 തുടക്കത്തോടെ പുതിയ സംവിധാനം നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.