നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് കാനഡ താരിഫ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ അതിര്‍ത്തി സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചു. ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചതിന് ശേഷം പുതുതായി ധനകാര്യ മന്ത്രിയായി നിയമിതനായ ഡൊമിനിക് ലെബ്ലാങ്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ അതിര്‍ത്തി പദ്ധതിക്ക് 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി വഴി ആളുകളുടെയും ചരക്കുകളുടെയും സ്വതന്ത്രമായ നീക്കം ഉറപ്പാക്കുന്നതിനൊപ്പം നിയമവിരുദ്ധമായ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടഞ്ഞ് അതിര്‍ത്തി സുരക്ഷിതമാക്കാനുള്ള അതിവിദഗ്ധമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാനഡയുടെ അതിര്‍ത്തിയില്‍ മുഴുവന്‍ സമയ നിരീക്ഷണ ടവറുകള്‍ സജ്ജീകരിക്കും. കൂടാതെ, അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സംഘടിത ക്രൈം ഗ്രൂപ്പുകളെ നേരിടാന്‍ യുഎസ്-കാനഡ സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സ് രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ഫൈവ് പില്ലര്‍ പ്ലാനും രൂപീകരിച്ചിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് കെമിക്കല്‍ ഡിറ്റക്ഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കനൈന്‍ ടീമുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ മയക്കുമരുന്ന് ഉറവിടങ്ങള്‍ കണ്ടെത്തുന്നതില്‍ നിയമപാലകരെ സഹായിക്കുന്നതിന് ഹെല്‍ത്ത് കാനഡ ഇന്‍വെസ്റ്റിഗേറ്റീവ് കപ്പാസിറ്റി വര്‍ധിപ്പിക്കുമെന്നും ലെബ്ലാ കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റവും ഫെന്റനൈല്‍ പോലുള്ള മരുന്നുകളുടെ കള്ളക്കടത്തും കാനഡയ്ക്കും അമേരിക്കയ്ക്കും പൊതിവായ ആശങ്കകളാണെന്നും ഇവ തടയാനുള്ള കാനഡയുടെ പദ്ധതികളെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.