ഐസ് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടൊറൻ്റോയിലെ ഡ്രൈവർക്കെതിരെ കാനഡ യുദ്ധക്കുറ്റം ചുമത്തി. പത്ത് വർഷം മുമ്പ് ഇറാഖിൽ വെച്ച് ഒരു തടവുകാരനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഹമ്മദ് ഫൗദ് മൊസ്തഫ എൽദിദിക്കെതിരെ യുദ്ധക്കുറ്റം ചുമത്തിയത്. കാനഡയിൽ യുദ്ധക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ ഐസിസ് അംഗമാണ് ഇയാൾ.
ഒൻ്റാരിയോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അഹമ്മദ് ഫൗദ് മൊസ്തഫ എൽദിദിക്കെതിരെ ക്രൈംസ് എഗെൻസ്റ്റ് ഹ്യൂമാനിറ്റി, വാർ ക്രൈംസ് ആക്ട് എന്നിവ പ്രകാരം പീഡനവും കൊലപാതകവും ഉൾപ്പെടെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ISIS കൂടുതൽ കരുത്താർജ്ജിച്ചിരുന്ന 2014, 2015 കാലത്താണ് ഇപ്പോൾ ആരോപിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങൾ നടന്നത്. മൂന്ന് വർഷത്തിന് ശേഷം, എൽദിദി ടൊറൻ്റോയിലേക്ക് കടന്ന് അഭയാർത്ഥിയാവുകയായിരുന്നു. പിന്നീട് കാനഡ പൗരത്വവും നൽകി. ഈജിപ്തിൽ നിന്നുള്ളയാളായ എൽദിദി , മുൻ ആമസോൺ ഡ്രൈവർ കൂടിയാണ്. 2015 ൽ പുറത്തിറങ്ങിയ ഐസിസ് വീഡിയോയിലാണ് ഇയാൾ ഒരു തടവുകാരൻ്റെ കൈകളും കാലുകളും വെട്ടിമാറ്റുന്നതിനായി വാൾ ഉപയോഗിച്ചതായി കണ്ടെത്തിയത്. കാനഡയിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുദ്ധക്കുറ്റങ്ങൾ ചുമത്തിയ ആദ്യത്തെ കേസാണിതെന്ന് RCMP യുടെ ഒൻ്റാരിയോ വക്താവ് പറഞ്ഞു.