അവധിക്കാലത്ത് വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മുൻകരുതൽ നിർദ്ദേശങ്ങളുമായി കാനഡ സർക്കാർ

By: 600110 On: Dec 17, 2024, 3:38 PM

 

അപകട സാധ്യത ഒഴിവാക്കാൻ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മുൻകരുതൽ നിർദ്ദേശങ്ങളുമായി കാനഡ സർക്കാർ. ചില രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം. ചില വിദേശ രാജ്യങ്ങളിലേക്ക്  പോകുന്നവർ   കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഫെഡറൽ ഗവൺമെൻ്റ് പറയുന്നു. 

മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന അമേരിക്കൻ പ്രദേശങ്ങളായ കാലിഫോർണിയ, ടെക്സസ്, അരിസോണ, ന്യൂ മെക്സിക്കോ തുടങ്ങിയ സ്ഥലങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടുതലാണ്. അതിനാൽ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ  ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. ഉയർന്ന തോതിലുള്ള അക്രമങ്ങളും സംഘടിത കുറ്റകൃത്യങ്ങളും കാരണം 14 മെക്സിക്കൻ സംസ്ഥാനങ്ങളിലേക്കുള്ള  അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു . ക്യൂബയിൽ , സന്ദർശകർക്ക് ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് ക്ഷാമം നേരിടേണ്ടി വന്നേക്കാം എന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ബ്രിട്ടനും  ഇറ്റലിയും തീവ്രവാദത്തിൻ്റെ വർദ്ധിച്ചുവരുന്ന ഭീഷണികൾ നേരിടുന്നുണ്ടെന്നും അതിനാൽ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ ശ്രദ്ധിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.