വാഹനങ്ങൾ വലിച്ചു മാറ്റപ്പെടുമ്പോൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ഉടമകൾക്കും ഡ്രൈവർമാർക്കും ബോധവല്ക്കരണ പരിപാടിയുമായി ആൽബർട്ട മോട്ടോർ അസോസിയേഷൻ. അപകടത്തിൽപ്പെടുമ്പോഴും, തെറ്റായി പാർക് ചെയ്യുമ്പോഴുമൊക്കെയാണ് വാഹനങ്ങൾ വലിച്ചു മാറ്റാൻ, അഥവാ ടോവ് ചെയ്യാൻ ഇത്തരം സ്ഥാപനങ്ങളുടെ സേവനം തേടേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വണ്ടിയുടമകൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നതിനാലാണ് നടപടി.Know Before the Tow എന്നാണ് ബോധവല്ക്കരണ പരിപാടിയുടെ പേര്.
പലപ്പോഴും വാഹനങ്ങൾ വലിച്ചു മാറ്റുന്നതിന് ഇത്തരം സ്ഥാപനങ്ങൾ വലിയ തുക ഈടാക്കുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതേ തുടർന്ന് ഡ്രൈവർമാർ അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് ക്യാമ്പയിൻ വ്യക്തമാക്കുന്നു. ആവശ്യപ്പെടാത്ത ടോവിങ് സേവനങ്ങൾ നിരസിക്കാൻ വാഹന ഉടമകൾക്കോ ഡ്രൈവർമാർക്കോ അവകാശമുണ്ട്. പോലീസ് നിർദ്ദേശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ വാഹനം ആര്, എവിടേക്ക് വലിച്ചി മാറ്റണം എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ടോവ് ചെയ്യപ്പെട്ട് മാറ്റുന്ന വണ്ടികളിലുള്ള സ്വകാര്യ സാധനങ്ങൾ അവശ്യ ഘട്ടങ്ങളിൽ എടുക്കാൻ ഉടമയ്ക്കോ ഡ്രൈവർക്കോ അവകാശമുണ്ട്. ഇത് ടോവിങ് സ്ഥാപനത്തിൻ്റെ പ്രവർത്തി സമയത്ത് ആയിരിക്കണമെന്ന് മാത്രം. സേവനത്തിന് മുൻപ് എത്ര ചാർജ്ജ് ഈടാക്കുമെന്ന് അറിയാനും വണ്ടിയുടമയ്ക്ക് അവകാശമുണ്ടെന്ന് ക്യാമ്പയിൻ വ്യക്തമാക്കുന്നു.