ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യയിലാണ്. രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ ഭിക്ഷാടനം നടത്തുന്ന 54 കാരനായ ഭാരത് ജെയിനാണ് കോടീശ്വരനായ യാചകന്‍. ഏഴരക്കോടി രൂപയാണ് ഭാരത് ജെയിനിന്റെ ആസ്തി. താമസമാകട്ടെ ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റിലും. ഭാര്യയും രണ്ട് മക്കളും അച്ഛനും സഹോദരനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി ഫ്‌ളാറ്റില്‍ കഴിയുന്നത്.
ഭാരത് ജെയിനിന് ഭിക്ഷ യാചിച്ച് ഒരു മാസം ലഭിക്കുന്നത് 60,000 മുതല്‍ 75,000 രൂപ വരെയാണ്. ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യുമെന്നാണ് ജെയിന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഞായറാഴ്ച അടക്കം ഭിക്ഷാടനം നടത്തും. ദിവസം 2500 രൂപ വരെ ലഭിക്കും. കൂടാതെ, താനെയില്‍ വാങ്ങിയ കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കും. മക്കള്‍ പഠിക്കുന്നത് വന്‍ തുക ഫീസ് നല്‍കി ധനികരുടെ മക്കള്‍ പഠിക്കുന്ന കോണ്‍വെന്റ് സ്‌കൂളില്‍.
മക്കള്‍ വളര്‍ന്നതോടെ ഭിക്ഷാടനം നിര്‍ത്താന്‍ പറഞ്ഞങ്കിലും ജെയിന്‍ നിര്‍ത്തിയില്ല. പണത്തിനോട് ആര്‍ത്തിയില്ലെങ്കിലും ഇത് ശീലമായിപ്പോയെന്ന് ജെയിന്‍ പറയുന്നു. ഭിക്ഷാടനം നടത്തി ലഭിക്കുന്ന പണത്തില്‍ നിന്നും ക്ഷേത്രങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സംഭാവന നല്‍കാറുണ്ടെന്നും ജെയിന്‍ പറയുന്നു.
ജെയിനിനെ പോലെ ഇന്ത്യയില്‍ കോടിപതികളായ ഭിക്ഷക്കാര്‍ വേറെയുമുണ്ട്. രാജ്യത്തെ ബെഗ്ഗിംഗ് ഇന്‍ഡസ്ട്രി ഏകദേശം ഒന്നരലക്ഷം കോടിയുടേതാണന്നാണ് കണക്കാക്കുന്നത്.