ചൈനീസ് നിര്‍മ്മിത ബലൂണ്‍ ബ്ലോയിംഗ് കിറ്റുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

By: 600002 On: Dec 17, 2024, 9:52 AM

 


ആമസോണ്‍ കാനഡ വഴി വിറ്റഴിച്ച ബലൂണ്‍ ബ്ലോയിംഗ് കിറ്റുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. ഇവ കുട്ടികള്‍ക്ക് അപകടമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളാണ് ഇത്. 2024 ന്യൂ സേഫ് മാജിക് ബബിള്‍ ഗ്ലൂ, ടോയ് ബ്ലോയിംഗ്, കളര്‍ഫുള്‍ ബബിള്‍ ബോള്‍ പ്ലാസ്റ്റിക് സ്‌പേസ് ബലൂണ്‍ ഫാഷന്‍ ആക്‌സസറികള്‍, കളര്‍ഫുള്‍ മാജിക് ബബിള്‍ ഗ്ലൂ, മാജിക് ബബിള്‍ ഗ്ലൂ ടോയ്, ബബിള്‍ ബോള്‍ ബ്ലോയിംഗ് പ്ലാസ്റ്റിക് സ്‌പേസ് ബലൂണ്‍ എന്നിവയാണ് തിരിച്ചുവിളിച്ചത്. 

ഈ ബലൂണുകള്‍ പൊട്ടുമ്പോള്‍ ഏതെങ്കിലും രാസവസ്തുക്കളടങ്ങിയ ലായകങ്ങളുടെ പുക ശ്വസിക്കേണ്ടി വരികയും ഇത് കുട്ടികള്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു. ഇത്തരത്തിലുള്ള ലായകങ്ങള്‍ അടങ്ങിയ ബലൂണുകള്‍ കൊണ്ട് ദീര്‍ഘനേരം കളിക്കുന്ന കുട്ടികള്‍ക്ക് മതിഭ്രമം, തലക്കറക്കം, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെട്ടേക്കാം. 

ഹെല്‍ത്ത് കാനഡയുടെ നിര്‍ദേശം കണക്കിലെടുത്ത് ഈ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ നിന്നും നീക്കം ചെയ്തതായി ആമസോണ്‍ കാനഡ അറിയിച്ചു. എന്നാല്‍ ബ്ലോയിംഗ് ബലൂണ്‍ സംബന്ധിച്ച് അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.