കാനബീസ് കൈവശം വെച്ച് യാത്ര ചെയ്ത കനേഡിയന്‍ പൗരന് ദുബായില്‍ ജീവപര്യന്തം തടവ് ശിക്ഷ

By: 600002 On: Dec 17, 2024, 9:21 AM

 

 

നൂറ് ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങളുമായി യാത്ര ചെയ്തതിന് ദുബായില്‍ കനേഡിയന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ. മിസിസാഗ സ്വദേശിയായ 64കാരന്‍ മൗറീസ് കെവിന്‍ ഒ റൂര്‍ക്ക് ആണ് അറസ്റ്റിലായത്. കാനഡയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ ജൂലായില്‍ യുഎഇയില്‍ വെച്ചാണ് ഒ റൂര്‍ക്ക് അറസ്റ്റിലായത്. ഇയാളുടെ ലഗേജില്‍ നിന്നും 50 ഗ്രാം കഞ്ചാവും 60 ഗ്രാം സിബിഡി ഓയിലും ദുബായ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്ന് ഒ റൂര്‍ക്കിനെ ജീവപര്യന്തം ശിക്ഷ വിധിച്ച് തടവിലാക്കുകയായിരുന്നു.  

എന്നാല്‍ തന്റെ ഭര്‍ത്താവ് അഡിസന്‍സ് ഡിസീസ് ബാധിച്ചയാളാണെന്നും അതില്‍ ആശങ്കയുണ്ടെന്നും ഭാര്യ പമീല ഒ റൂര്‍ക്ക് പറയുന്നു. തന്റെ ഭര്‍ത്താവിന് നിയമം ലംഘിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ദുബായിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയോട് അനുകമ്പ കാണിക്കണമെന്നും പമീല പറഞ്ഞു. 64 വയസ് പ്രായമുള്ള വൃദ്ധനാണ്. അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് തന്റെ ജീവിതകാലം മുഴുവന്‍ ഒരു വിദേശരാജ്യത്ത് തടവില്‍ ഒറ്റയ്ക്ക് ജീവിച്ചുതീര്‍ക്കണം. തടവില്‍ പാര്‍പ്പിച്ചതിന് ശേഷം ഒ റൂര്‍ക്കിന് കൃത്യമായി സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ലഭിക്കുന്നില്ലെന്നും  അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബം ആശങ്കാകുലരാണെന്നും പമീല പറഞ്ഞു.  

മയക്കുമരുന്നുകള്‍, കാനബീസ് തുടങ്ങിയവ കൈവശം വെക്കുന്നതിന് യുഎഇയില്‍ സീറോ ടോളറന്‍സ് പോളിസിയാണ്. അതിനാല്‍ കനേഡിയന്‍ പൗരന്മാരായ യാത്രക്കാര്‍ക്ക് കനേഡിന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാനഡയില്‍ പ്രിസ്‌ക്രിപ്ഷന്‍ വഴിയോ ഓവര്‍-ദി-കൗണ്ടര്‍ മുഖേനയോ ലഭ്യമാകുന്ന ചില മരുന്നുകള്‍, കോഡിന്‍ സൈക്യാട്രിക് മരുന്നുകള്‍ എന്നിവ രാജ്യത്തെ നിയന്ത്രിത പദാര്‍ത്ഥങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് യാത്രാ മുന്നറിയിപ്പില്‍ പറയുന്നു. 

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ചെറിയ അളവില്‍ പോലും കാനബീസോ മറ്റ് മയക്കുമരുന്നുകളോ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. ഇവ കൈവശം വെക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ഉറപ്പായും കര്‍ശന ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.