മരണത്തിന് മുൻപ് 39കാരനായ ആദം ബർഗോൺ സാമൂഹ്യ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് കാനഡയിലെ ആരോഗ്യമേഖലയെക്കുറിച്ചുളള ആശങ്കകൾക്ക് ശക്തി പകരുന്നതായി. നെഞ്ച് വേദനയുമായി മോണ്ട്രിയലിലെ ആശുപത്രിയിലെത്തിയ ആദമിനെ പ്രാഥമിക പരിശോധകൾക്ക് ശേഷം കാത്തിരിപ്പ് മുറിയിലേക്ക് മാറ്റുകയായിരുന്നു. ആറ് മണിക്കൂറിലേറെ അവിടെ കാത്തിരുന്ന് മടുത്തപ്പോൾ ആദം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് പിറ്റെ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
നെഞ്ചുവേദന, ഓക്കാനം, ശ്വാസം മുട്ടൽ എന്നീ രോഗലക്ഷണങ്ങളുമായാണ് ആദം ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതർ രക്തസമ്മർദ്ദം പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തു. തുടർന്നാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാൽ രക്ത പരിശോധന അടക്കമുള്ളവ ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ഇതാണ് പിന്നീട് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ആദം പങ്കു വച്ച ലക്ഷണങ്ങൾ വിലയിരുത്തുമ്പോൾ അനൂറിസമാകാമെന്നാണ് പലരും വിലയിരുത്തുന്നത്. മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുള്ള കാനഡയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ആദമിന് സംഭവിച്ച ദുര്യോഗത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്