കുടിയേറ്റം കുറയ്ക്കാൻ കാനഡ സർക്കാർ ലക്ഷ്യമിടുമ്പോൾ വ്യത്യസ്ത അഭിപ്രായവുമായി വടക്കൻ ഒൻ്റാറിയോയിലെ മേയർമാർ. പ്രാദേശിക സമ്പദ്‌വ്യവസ്ഥയും ജനസംഖ്യയും നിലനിർത്താൻ കൂടുതൽ കുടിയേറ്റക്കാരെ ആവശ്യമാണെന്ന് മേയർമാരുടെ നിലപാട്. സോൾട്ട് സ്റ്റെ, തണ്ടർ ബേ, സഡ്‌ബറി എന്നീ നഗരങ്ങളിലെ മേയർമാരാണ് ഈ അഭിപ്രായം പങ്കുവെച്ചത്.
ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള എയർക്രാഫ്റ്റ് റിപ്പയർ, എഞ്ചിനീയറിംഗ്, തുടങ്ങിയ ട്രേഡുകളിലെ ഒഴിവുകൾ നികത്താൻ നിലവിൽ നിർത്തലാക്കിയ റൂറൽ, നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം നഗരത്തിലെ തൊഴിലുടമകൾക്ക് അനുവാദം നൽകിയിരുന്നതായി സോൾട്ട് സ്റ്റെ മേയർ മേരി മാത്യു ഷൂമാക്കർ പറഞ്ഞു. കുടിയേറ്റക്കാർ ഇല്ലെങ്കിൽ അത്തരം ജോലികൾ ഈ മേഖലയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വടക്കൻ ഒൻ്റാറിയോയിലെ അഞ്ച് നഗരങ്ങൾ ഉൾപ്പെടെ, കാനഡയിലുടനീളമുള്ള ചെറിയ കമ്മ്യൂണിറ്റികളിലേക്ക് കുടിയേറ്റക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അഞ്ച് വർഷത്തെ പ്രോഗ്രാം നടപ്പാക്കിയത്. ഇതു വഴി ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനുള്ള വഴിയൊരുക്കിയിരുന്നു. എന്നാൽ പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനായി കുടിയേറ്റക്കാരുടെ വെട്ടിക്കുറയ്ക്കുമെന്നും താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുമെന്നും ഫെഡറൽ സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വ്യത്യസ്ത അഭിപ്രായവുമായി വടക്കൻ ഒൻ്റാറിയോയിലെ മേയർമാർ രംഗത്തെത്തിയിരിക്കുന്നത്.