ജോർജിയയിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 12 പേർ മരിച്ച നിലയിൽ

By: 600007 On: Dec 16, 2024, 12:16 PM

 

കസ്‌ബെഗി: ജോർജിയയിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 12 പേർ മരിച്ച നിലയിൽ. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ള ഗുഡൗരിയിലാണ് സംഭവം. മരിച്ചവരിൽ ആരിലും പുറത്ത് നിന്നുള്ള ബലപ്രയോഗത്തിന്റേതായ അടയാളങ്ങൾ ഇല്ലാത്തതിനാൽ സംഭവം കാർബൺ മോണോക്സൈഡ് മൂലമാണോയെന്ന് കണ്ടെത്താൻ അധികൃതർ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭക്ഷണ ശാലയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വിശദമാക്കുന്നത്. 

 ഭക്ഷണ ശാലയുടെ രണ്ടാം നിലയിലായിരുന്നു ജീവനക്കാർക്ക് താമസ സൌകര്യം ഒരുക്കിയിരുന്നത്. സംഭവത്തിൽ ജോർജ്ജിയൻ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് വൈദ്യുതി പോയതിന് പിന്നാലെ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചാവാം മരണകാരണമായിട്ടുള്ളതെന്ന സംശയത്തിന് ബലം നൽകുന്നതും ഇതാണ്. 

ജീവനക്കാരുടെ വിശ്രമിക്കുന്ന ഭാഗത്തിന് സമീപത്തായാണ് ജനറേറ്ററും സ്ഥാപിച്ചിരുന്നത്. ഫോറൻസിക് വിദഗ്ധർ അടക്കം സംഭവ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ മാത്രമാണ് ജോർജ്ജിയൻ പൌരൻ. ശേഷിക്കുന്നവർ വിദേശ പൌരന്മാരാണ്. മരിച്ചവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. ജോർജിയയിലെ ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ തെക്ക് അഭിമുഖമായി ജോർജിയൻ മിലിട്ടറി ഹൈവേയ്‌ക്ക് സമീപമാണ് ഗുഡൗരി സ്ഥിതി ചെയ്യുന്നത്.