കാനഡക്കാരിൽ രാജ്യസ്നേഹം കുറയുന്നതായി പഠനം

By: 600110 On: Dec 14, 2024, 2:17 PM

 

കാനഡക്കാരുടെ രാജ്യസ്നേഹം കുത്തനെ ഇടിഞ്ഞതായി പഠനം. സമീപ വർഷങ്ങളിൽ പൗരൻമാർക്ക് രാജ്യത്തോടുള്ള വൈകാരികമായ അടുപ്പം നഷ്‌ടപ്പെടുന്നതായും ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു പുതിയ സർവ്വെ  സൂചിപ്പിക്കുന്നു. നവംബർ അവസാനം തുടങ്ങിയ സർവ്വെയിൽ  4,000-ലധികം മുതിർന്ന  കനേഡിയക്കാരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.  ഇതിൽ  34 ശതമാനം പേർ മാത്രമാണ് കനേഡിയൻ ആയതിൽ വളരെ അഭിമാനിക്കുന്നു എന്ന് പറഞ്ഞത്. 

2016-ൽ നടത്തിയ സർവ്വെയിൽ   52 ശതമാനം പേരാണ് രാജ്യസ്നേഹം പ്രകടിപ്പിച്ചത്. മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ എൻവയോണിക്‌സ് 1985-ൽ നടത്തിയ സർവേയിൽ നിന്ന് 44 പോയിൻ്റ് ഇടിവാണ് ഇപ്പോൾ  ഉണ്ടായത്. അതേസമയം, 1991-ൽ പ്രതികരിച്ചവരിൽ 65 ശതമാനം പേരും തങ്ങൾക്ക് കാനഡയുമായി ആഴത്തിലുള്ള വൈകാരിക അടുപ്പം ഉണ്ടെന്ന് പ്രതികരിച്ചിരുന്നു.ഈ കണക്ക് 2016 ൽ 62 ശതമാനമായി കുറഞ്ഞു. 2024 ആയതോടെ ഇത്  49 ശതമാനമായി കുറഞ്ഞു. രാജ്യം തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് കാനഡക്കാർക്ക് തോന്നുന്നുവെന്നാണ് ഈ സംഖ്യകൾ സൂചിപ്പിക്കുന്നത്. 

വേതനത്തിലെ വർദ്ധനക്കുറവും, വീട്, വാടക എന്നിവയിലുള്ള പ്രശ്നങ്ങളുമെല്ലാം ജനങ്ങളെ സ്വാധീനിക്കുന്നതായാണ് വ്യക്തമാകുന്നത്.  കനേഡിയൻ ആണെന്ന് അഭിമാനിക്കുന്നവർക്കും കുടുംബ വരുമാനം കുറവാണ്. പ്രതിവർഷം 200,000 ഡോളറിൽ കൂടുതൽ സമ്പാദിക്കുന്നവരിൽ 65 ശതമാനം പേരും കാനഡയെക്കുറിച്ച് അഭിമാനിക്കുന്നു. 25,000 ഡോളറിൽ താഴെ വരുമാനമുള്ളവരിൽ 48 ശതമാനം പേരും രാജ്യത്തെ ഓർത്ത് അഭിമാനിക്കുന്നവരാണ്.