ആളുകളില്‍ നിന്നും പണം തട്ടാന്‍ വിവിധ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് തട്ടിപ്പ് സംഘങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഒപിപി 

By: 600002 On: Dec 14, 2024, 8:00 AM

 


ആളുകളില്‍ നിന്നും പണമോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളോ ശേഖരിക്കാന്‍ എന്ന പേരില്‍ ബാങ്കുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടക്കാനുള്ള ശ്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതായി ബ്രേസ്ബ്രിഡ്ജ് ഒപിപി അറിയിച്ചു. ബാങ്കില്‍ നിന്നും വിളിക്കുന്നതായി ബാങ്കിന്റെ നമ്പറിന് സമാനമായ നമ്പറില്‍ നിന്നുമാണ് തട്ടിപ്പുകാരുടെ കോള്‍ എത്തുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പ്രശ്‌നമുണ്ടെന്നും അത് ബാങ്കിലേക്കെടുക്കാന്‍ കൊറിയര്‍കാരനെ വിടുന്നുണ്ടെന്നും പറയും. ഇത് വിശ്വസിക്കുന്നവര്‍ കാര്‍ഡുകള്‍ നല്‍കാന്‍ തയാറാകുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി നടന്ന തട്ടിപ്പ് ശ്രമത്തില്‍ യുവതിക്ക് സംശയം തോന്നി പോലീസിനെ വിളിച്ചതിനാല്‍ പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. 

തട്ടിപ്പില്‍ വീഴ്ത്താന്‍ എളുപ്പം സാധിക്കും എന്ന് തിരിച്ചറിയുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ പല രീതിയിലുള്ള തട്ടിപ്പ് പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. ആളുകളെ ചൂഷണം ചെയ്യാനുള്ള തട്ടിപ്പുകാരുടെ ശ്രമങ്ങള്‍ക്കെതിരെ ആളുകള്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്കുകള്‍ പോലുള്ള നിയമാനുസൃത സ്ഥാപനങ്ങള്‍ ഒരിക്കലും ബാങ്ക് കാര്‍ഡുകളോ വ്യക്തിഗത വിവരങ്ങളോ ഈ രീതിയില്‍ ആവശ്യപ്പെടാറില്ലെന്ന് പോലീസ് പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നു. തട്ടിപ്പുകള്‍ തിരിച്ചറിയാനും ഒഴിവാക്കാനും ആളുകളെ സഹായിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.