റെൻ്റ് എ കാറിന് ഇൻഷുറൻസ് എടുത്തില്ല, ടൊറണ്ടോ സ്വദേശിക്ക് ക്ലെയിം വന്നത് 18000 ഡോളർ

By: 600110 On: Dec 13, 2024, 12:56 PM

വേനൽക്കാലത്ത് വാടകയ്‌ക്കെടുത്ത കാറിന് കേടുപാട് വന്നതിനെ തുടർന്ന് 18000 ഡോളർ  അടക്കാൻ ടൊറണ്ടോ സ്വദേശിക്ക്  നിർദ്ദേശം. സ്കാർബറോ നിവാസിയായ വിശ്വ പട്ടേലിനാണ് ക്ലെയിം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചത്.  

സുഹൃത്തുക്കളോടൊപ്പം അൽട്ടയിലെ ബാൻഫിലേക്ക് റോഡ്-ട്രിപ്പ് പോകാൻ ഓഗസ്റ്റിൽ സസ്‌കാച്ചെവാനിൽ നിന്നാണ്  വിശ്വ പട്ടേൽ കാർ വാടകയ്‌ക്കെടുത്തത്. ആറ് ദിവസത്തേക്ക് കാർ കൈവശം വെച്ചു.  അഞ്ചാം ദിവസം കനത്ത ആലിപ്പഴ  വീഴ്ചയെ തുടർന്ന് കാറിന് കേടുപാടുകൾ വന്നു. തുടർന്ന് പട്ടേൽ, കാർ തിരികെ കൊണ്ടു പോകാൻ  അലാമോ റെൻ്റൽ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. കമ്പനിയിൽ നിന്ന് സ്റ്റാഫ് എത്തി  പട്ടേലിന് മറ്റൊരു വാഹനം നൽകി.കാറിൻ്റെ കേടുപാടുകൾ പരിശോധിച്ച ശേഷം, പട്ടേലിനോട് 500 ഡോളർ നൽകാനും ആവശ്യപ്പെട്ടു.  ഏകദേശം ഒന്നര മാസത്തിനുശേഷം, 18,000 ഡോളർ ആവശ്യപ്പെട്ട്  പട്ടേലിന് ഒരു ഇൻവോയ്‌സ് ലഭിച്ചു. കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവ് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. പട്ടേലിന് തൻ്റെ ഇൻഷുറൻസ് കമ്പനിയിലോ ക്രെഡിറ്റ് കാർഡിലോ കാർ റെൻ്റൽ ഇൻഷുറൻസ് ഇല്ലായിരുന്നു. ഇതാണ് പിന്നീട് തിരിച്ചടിയായത്. ഇൻഷുറൻസ് പോളിസി അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി റെൻ്റൽ കവറേജ് ഇല്ലെങ്കിൽ വാടക കമ്പനിയിൽ നിന്ന് അധിക കവറേജ്  തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയിലെ ആനി മേരി തോമസ് പറഞ്ഞു. അല്ലാത്ത പക്ഷം വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങൾക്ക് സ്വന്തം കയ്യിൽ നിന്ന് പണം നല്കേണ്ടി വന്നേക്കാം.