മുനിസിപ്പാലിറ്റിയെ " ബിറ്റ്കോയിൻ സൗഹൃദ നഗരം" ആക്കുന്നതിനുള്ള നടപടികളുമായി വാൻകൂവർ സിറ്റി കൗൺസിൽ. ഇതുമായി ബന്ധപ്പെട്ട പ്രമേയം സിറ്റി കൌൺസിൽ പാസ്സാക്കി. ക്രിപ്‌റ്റോകറൻസിയിൽ പണമിടപാടുകൾ നടത്താൻ ഉടൻ അനുമതി നല്കുകയല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. പകരം അതിൻ്റെ സാധ്യതകൾ പരിശോധിക്കുകയാണ് നിലവിൽ ചെയ്യുന്നത്.
ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. മേയർ കെൻ സിം ആണ് പദ്ധതി പ്രമേയമായി കൊണ്ടുവന്നത്. രണ്ട് ഗ്രീൻ കൗൺസിലർമാർ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഒട്ടേറെപ്പേർ പേർ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കാൻ തയ്യാറായി. ഒരു നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ 16 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനമാണ് ബിറ്റ് കോയിൻ്റേതെന്ന് മേയർ കെൻ സിം പറഞ്ഞു. അതിനാൽ ബിറ്റ് കോയിൻ്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാതെയിരിക്കുന്നത് ശരിയല്ല. വൈകാതെ തന്നെ ബിറ്റ് കോയിനിലുള്ള ഇടപാടുകൾ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. അതിനാൽ ഈ മേഖലയിൽ മുന്നിൽ നടക്കണോ അതോ മറ്റുള്ളവരെ പിന്തുടരണമോ എന്നാണ് ചിന്തിക്കേണ്ടതെന്നും കെൻ സിം വ്യക്തമാക്കി