ഡി ഗുകേഷ്, അഥവ ഗുകേഷ് ദൊമ്മരാജു. ഈ പേര് ഇന്ന് മുതൽ അതുല്യമായ ചരിത്രത്തിന്റെ ഭാഗമാണ്. വെറും പതിനെട്ടാമത്തെ വയസിൽ ഗുകേഷ് സ്വന്തമാക്കിയ നേട്ടം സ്വപ്നതുല്യമാണ് എന്ന് പഞ്ഞാൽ അത് അതിശയോക്തിയാവില്ല എന്നതാണ് അതിന് കാരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക്കൽ ഫോര്‍മാറ്റിലെ അവസാന മത്സരത്തിൽ വിജയകിരീടം ചൂടിയിരിക്കുകയാണ് ഗുകേഷ്. ഇന്ത്യയിലെ രണ്ടാമത്തെ വിശ്വവിജയി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ, 18-ാം കിരീടം 18-ാംാം വയസിൽ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത മിടുക്കൻ.
അങ്ങനെ രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരുപിടി റെക്കോര്‍ഡുകളോടെയാണ് സിങ്കപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഗുകേഷ് മടങ്ങുക. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് അട്ടിമറിച്ചത്. സമനിലയാകുമെന്ന് ഉറപ്പായ മത്സരത്തിൽ അതിശയകരമായ നോക്കൗട്ട് പഞ്ച് ഇറക്കിയാണ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഗുകേഷ് മാറിയത്. അഞ്ച് തവണ വിശ്വവിജയി ആയ വിശ്വനാഥൻ ആനന്ദിന്റെ പിന്മുറക്കാരൻ ഗുകേഷിന്റെ ബാല്യകാല സ്വപ്നം കൂടിയാണ് അതിവേഗം സാക്ഷാത്കാരത്തിലേക്കെത്തിയിരിക്കുന്നത്.
11ാം വയസിൽ ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി ഗുകേഷ് പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നായിരുന്നു. ഇന്ന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷിന് സ്വന്തമാണ്. അതും 18-ാം വയസിൽ. 1985-ൽ അനറ്റോലി കാർപോവിനെ മറികടന്ന് 22-ാം വയസിൽ കിരീടം നേടിയ റഷ്യയുടെ ഗാരി കാസ്പറോവിൻ്റെ റെക്കോർഡാണ് ഇന്ന് ഗുകേഷ് മറികടന്നത്.