ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, 4 പേർക്ക് പരിക്ക്

By: 600007 On: Dec 13, 2024, 6:46 AM

 

ലെസ്റ്റർഷയർ: ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശിയായ 32കാരനാണ് കാർ കിടങ്ങിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും രണ്ട് പുരുഷന്മാർക്കും ഡ്രൈവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിരഞ്ജീവി പങ്കുൽരി എന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലെ പ്രധാനപാതകളിലൊന്നിലായിരുന്നു അപകടമുണ്ടായത്. ചിരഞ്ജീവി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മസ്ദ 3തമുര കാറാണ് അപകടത്തിൽപ്പെട്ടത്. നോർത്താംപ്ടൺഷയറിൻ്റെ അതിർത്തിയോട് ചേർന്നുള്ള മാർക്കറ്റ് ഹാർബറോയിലേക്ക് പോവുന്നതിനിടയിലാണ് കാർ കിടങ്ങിൽ വീണത്.

എ6 റോഡിലുണ്ടായ അപകടം എങ്ങനെയാണ് നടന്നതെന്ന് കണ്ടെത്താൻ സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ 27കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ ഇതിനോടകം വിവരം അറിയിച്ചിട്ടുണ്ട്.