വീണ്ടും പലിശ നിരക്ക്‌ കുറച്ച് ബാങ്ക് ഓഫ് കാനഡ

By: 600110 On: Dec 12, 2024, 3:32 PM

 

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് അരശതമാനം കുറച്ചു. ഇത് തുടർച്ചയായ രണ്ടാം തവണയാണ്  അര ശതമാനം പലിശ നിരക്ക് കുറച്ചിരിക്കുന്നത്. എന്നാൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം വർദ്ധിക്കുന്നതിനാൽ ഇളവുകളുടെ വേഗത കുറയുമെന്നാണ് സൂചന. തുടർച്ചയായുള്ള അഞ്ച് തവണത്തെ നിരക്ക് കുറയ്ക്കലിന് ശേഷം 3.25 ശതമാനമാണ് ഇപ്പോഴത്തെ പലിശനിരക്ക്. 

കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിൻ്റെ സൂചനകൾക്കിടയിൽ വിപണികളും സാമ്പത്തിക വിദഗ്ധരും പലിശ നിരക്ക് കുറയ്ക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിച്ചതുപോലെ ഗുണപരമായ മാറ്റങ്ങളുണ്ടായാൽ ബാങ്കിൻ്റെ ഭാഗത്ത് നിന്നും കൂടുതൽ അയവുള്ള നയങ്ങളുണ്ടാകുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണ്ണർ ടിഫ് മാക്ലം പറഞ്ഞു. പലിശ നിരക്കിൽ ബാങ്ക് ഓഫ് കാനഡ കൂടുതൽ കുറവ് വരുത്തുന്നത് പരിഗണിക്കുന്നതായും മക്ക്ലെം കൂട്ടിച്ചേർത്തു.