നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിന്റെ ഭീഷണി നേരിടാനുള്ള പദ്ധതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രീമിയര്‍മാരും തമ്മിലുള്ള വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. അമേരിക്ക അതിര്‍ത്തികള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ക്ക് പ്രതികാരമായി അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഊര്‍ജം വിച്ഛേദിക്കുമെന്ന് ഡഗ് ഫോര്‍ഡ് പറഞ്ഞു.
താരിഫ് നയം കാനഡയ്ക്ക്‌മേല്‍ ആഘാതം സൃഷ്ടിക്കുകയാണെങ്കില്‍ മിഷിഗണ്‍, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്, വിസ്‌കോണ്‍സിന്‍ എന്നിവടങ്ങളിലേക്കുള്ള ഊര്‍ജ വിതരണം വിച്ഛേദിക്കുമെന്ന് ഡഗ്‌ഫോര്‍ഡ് വ്യക്തമാക്കി. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ തയാറായിരിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യമായി ഒറ്റക്കെട്ടായി നാം നില്‍ക്കേണ്ടതുണ്ടെന്ന് ഫോര്‍ഡ് പറഞ്ഞു. 17 സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഒന്റാരിയോ ഒന്നാം സ്ഥാനത്താണ്, മറ്റ് 11 സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയില്‍ രണ്ടാമതാണെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.