ആയുധധാരികളായ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി; വിവരം അറിയിക്കാനായി 911 ല്‍ വിളിച്ചപ്പോള്‍ മൂന്ന് തവണ കോള്‍ ഹോള്‍ഡില്‍ വെച്ചതായി ഒന്റാരിയോ സ്വദേശി 

By: 600002 On: Dec 11, 2024, 11:28 AM

 


വീടിനുള്ളില്‍ ആയുധധാരികളായ ഒരു സംഘം അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വിവരം അറിയിക്കാനായി 911 ല്‍ വിളിച്ചപ്പോള്‍ മൂന്ന് തവണ കോള്‍ ഹോള്‍ഡില്‍ വെച്ചതായി ഒന്റാരിയോ സ്വദേശി തിയോ മെഡോസ്. ഓറഞ്ച് വില്ലെയിലെ തന്റെ വീട്ടില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് ആയുധങ്ങളുമായി കുറച്ചപേരെത്തിയത്. ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറാനായി ഇവര്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ അഞ്ച് വയസ്സും രണ്ട് വയസ്സും പ്രായമുള്ള കുട്ടികളുമുണ്ടായിരുന്നു. ഭയത്തോടെ അടിയന്തരസഹായത്തിനായാണ് 911 ല്‍ വിളിച്ചത്. എന്നാല്‍ തന്റെ കോള്‍ മൂന്ന് പ്രാവശ്യവും അവര്‍ ഹോള്‍ഡില്‍ വെക്കുകയാണുണ്ടായതെന്ന് തിയോ മെഡോസ് പറഞ്ഞു. 911 നമ്പറിലേക്ക് കോള്‍ ചെയ്ത ഉടന്‍ തന്നെ 'പ്ലീസ് ഹോള്‍ഡ്' എന്നാണ് മറുപടി കിട്ടിയത്. ഇത് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത റിംഗ്‌ടോണ്‍ പോലെയാണ് തോന്നിയതെന്ന് മെഡോസ് പറഞ്ഞു. 

പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ട് സംഘം തന്റെ വീട്ടില്‍ കയറി തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. മക്കള്‍ക്ക് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആരും സഹായിക്കാനില്ലാതെ നിസഹായവസ്ഥയിലായിരുന്നു താനപ്പോഴെന്ന് മെഡോസ് പറയുന്നു. 

സംഘം വസ്തുക്കളെല്ലാം മോഷ്ടിച്ച് വീട്ടില്‍ നിന്നും പോയതിന് ശേഷം നാലാമത്തെ തവണ വിളിച്ചപ്പോള്‍ മാത്രമാണ് ഓപ്പറേറ്ററെ ബന്ധപ്പെടാന്‍ സാധിച്ചതെന്ന് മെഡോസ് പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ വരുന്ന പോലീസിന്റെ പ്രതികരണം പൂര്‍ണമായും താന്‍ ഉപേക്ഷിച്ചു. കാരണം എല്ലാം നഷ്ടപ്പെട്ടതിന് ശേഷം എന്തെങ്കിലും നടപടിയെടുത്തിട്ട് കാര്യമില്ലെന്ന് മെഡോസ് അമര്‍ഷത്തോടെ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മെഡോസിന്റെ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു.