ബാഗെലുകളിൽ ലോഹസാന്നിധ്യം, വിവിധ ബ്രാൻഡുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

By: 600110 On: Dec 11, 2024, 10:29 AM

 

ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലെ പല പ്രവിശ്യകളിലും വില്പനയ്ക്കെത്തിച്ച വിവിധ ബാഗെൽ ബ്രാൻഡുകൾ തിരിച്ചു വിളിക്കുന്നു. ബിഗ്‌വേ, കോ-ഓപ്പ്, സൂപ്പർ എ, ടിജിപി ബാഗൽ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിക്കുന്നതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറഞ്ഞു.  ഡിസംബർ 4 നാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 

നവംബർ 4 മുതൽ നവംബർ 27 വരെ പായ്ക്ക് ചെയ്തവയിൽ ആണ് പ്രശ്നങ്ങളുള്ളത്. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ,വടക്കു പടിഞ്ഞാറൻ പ്രവിശ്യകൾ , ഒൻ്റാരിയോ, സസ്‌കാച്ചെവൻ, യുക്കോൺ എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഉല്പ്പന്നങ്ങളെയാണ് ഇത് ബാധിക്കുകയെന്ന് സിഎഫ്ഐഎ പറഞ്ഞു. തിരിച്ചു വിളിക്കപ്പെട്ട ഏതെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ  ചെയ്യരുതെന്ന് CFIA അറിയിച്ചു. സിഫ്‌റ്റോ ബ്രാൻഡായ ഹൈ-ഗ്രേഡ് സാൾട്ടിൽ ലോഹക്ഷണങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇവ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. ഈ ഉപ്പ് ഉപയോഗിച്ചാണ് ബാഗെലുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരിച്ചു വിളിക്കൽ.