75 ഇന്ത്യക്കാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു , വിമാനങ്ങളില്‍ തിരികെയെത്തിക്കും ; വിദേശകാര്യമന്ത്രാലയം

By: 600007 On: Dec 11, 2024, 4:44 AM

ദില്ലി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു എന്ന് വിദേശകാര്യമന്ത്രാലയം. എല്ലാവരും ലെബനൺ അതിർത്തി കടന്നു എന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവരെ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കും. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പർക്കത്തിലിരിക്കാനും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നീക്കം. പ്രസിഡന്‍റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിലാണ് നീക്കം. സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.

ദമാസ്കസിന്റെ നിയന്ത്രണം പൂര്‍ണമായും വിമതർ പിടിച്ചെടുത്തതോടെ മുന്‍ സിറിയൻ സർക്കാർ നിലം പൊത്തി. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ആണ് ദമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ അസദ് രാജ്യം വിട്ടുിരുന്നു. ഇതോടെ 54 വർഷത്തെ കുംടുംബ വാഴ്ച്ചക്കാണ് ഭരണത്തിന് അന്ത്യം കുറിച്ചത്.