കാലിഫോർണിയ: റെഡി ടു ഈറ്റ് ഇറച്ചി വിഭവത്തിൽ നിന്ന് പടർന്നത് ഗുരുതര അണുബാധ. അമ്മയ്ക്ക് ഭക്ഷണത്തിലൂടെ പടർന്ന അണുബാധയേ തുടർന്ന് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. കാലിഫോർണിയയിലാണ് ഇരട്ടക്കുട്ടികൾ മരിച്ചത്. ഇവരുടെ അമ്മ അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ സാംപിൾ പരിശോധനയിൽ കുട്ടികളിൽ ഒരാളിൽ നിന്നാണ് ലിസ്റ്റീരിയ അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ 8 സംസ്ഥാനങ്ങളിലായി 17 ലിസ്റ്റീരിയ അണുബാധകേസുകളാണ് റിപ്പോർട്ട് ചെയ്തത്. സൌത്ത് കരോലിന അടിസ്ഥാനമായി പ്രവർത്തിക്കുന്ന യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ റെഡി ടു ഈറ്റ് ഇറച്ചി വിഭവങ്ങളിൽ നിന്നാണ് അണുബാധ പടർന്നിട്ടുള്ളത്. നേരത്തെ അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ 32000 കിലോയിലേറെ റെഡി ടു ഈറ്റ് വിഭവങ്ങളാണ് തിരിച്ച് വിളിച്ചിരുന്നു. ഒക്ടോബർ 21ലാണ് ഈ നിർമ്മാതാക്കളുടെ ഉൽപന്നങ്ങളിൽ ലിസ്റ്റീരിയ അണുബാധ കണ്ടെത്തിയത്. എന്നാൽ കൂടുതൽ പേരിലേക്ക് അണുബാധ പടർന്നിരിക്കാനാണ് സാധ്യതയെന്നാണ് അമേരിക്കയിലെ ദേശീയ പൊതുജനാരോഗ്യ ഏജൻസി വിശദമാക്കുന്നത്.
അണുബാധയേറ്റാൽ മൂന്ന് മുതൽ നാല് ആഴ്ചയ്ക്കുള്ളിലാണ് തിരിച്ചറിയാൻ സാധിക്കുക. ചിലരിൽ ചികിത്സ കൂടാതെ തന്നെ രോഗം ഭേദമാകാനുള്ള സാധ്യതയുമുണ്ട്. പ്രായമായവരിലും കുട്ടികളേയും പെട്ടന്ന് ബാധിക്കുന്ന ബാക്ടീരിയൽ അണുബാധ മുന്നറിയിപ്പാണ് നിലവിൽ നൽകിയിട്ടുള്ളത്. മരണകാരണം വരെ ആകാനുള്ള സാധ്യതയാണ് അണുബാധമൂലമുള്ളത്. കടുത്ത പനി. പേശി വേദന, തലവേദന, കഴുത്ത് വലിഞ്ഞ് മുറുകുക, ബാലൻസ് നഷ്ടമാകുക, വയറിളക്കം, ആമാശയ സംബന്ധിയായ ബുദ്ധിമുട്ടുകളും അണുബാധമൂലം ഉണ്ടാവാറുണ്ട്.