ചർച്ചകൾക്ക് വഴിയിട്ട് ട്രംപിൻ്റെ പുതിയ പ്രസ്താവന

By: 600110 On: Dec 10, 2024, 2:59 PM

 

അമേരിക്കയിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന ചർച്ചയാകുന്നു. യുഎസ് ഭരണഘടനയിലെ 14ആം ഭേദഗതിയിൽ ആണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ  നയം നിർത്തലാക്കാനുള്ള ഏതൊരു ശ്രമവും  വലിയ നിയമ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് ഒരു വിഭാഗം പറയുന്നു. 

ജന്മാവകാശ പൗരത്വം എന്ന രീതി  വളരെ അധികം  ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഒരു അമേരിക്കൻ പൗരനാകുന്നതിന് കർശനമായ മാനദണ്ഡങ്ങൾ ഉണ്ടെന്നുമാണ് ട്രംപിൻ്റെയും അനുയായികളുടെയും വാദം. എൻ.ബി.സിയുടെ ''മീറ്റ് ദി പ്രസ്'' പരിപാടിയിൽ ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെയാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും എന്ന് ട്രംപ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ യുഎസിൽ എത്തിയവരും അവരുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ "ഡ്രീമർമാരെ" നിലനിർത്താൻ ഡെമോക്രാറ്റുകളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.  വേണമെങ്കിൽ എക്സിക്യൂട്ടീവ് നടപടിയിലൂടെ ഈ നിയമം മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 

1868-ൽ അംഗീകരിച്ച യു.എസ് .ഭരണഘടനയുടെ 14ആം ഭേദഗതി പൗരത്വത്തോടുള്ള രാജ്യത്തിൻ്റെ സമീപനത്തിൻ്റെ അടിസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നു. ജന്മാവകാശ പൗരത്വം എന്നതിൻ്റെ അർത്ഥം യുഎസിൽ ജനിച്ച ഏതൊരാളും സ്വയമേവ യുഎസ് പൗരരാകുമെന്നതാണ്. രേഖകളില്ലാതെ കുടിയേറിയവരുടെയും വിനോദസഞ്ചാരികളുടെയും ഹ്രസ്വകാല വിസയിലുള്ള വിദ്യാർത്ഥികളുടെയും കുട്ടികൾ ഇതിൽ ഉൾപ്പെടും